കുട്ടികളെ ഉപദ്രവിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം കുടുംബ കോടതിയുടെ വിധി ശരിവെച്ചുകൊണ്ടുള്ള നിരീക്ഷണത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം കുടുംബ കോടതി വിവാഹമോചനം അനുവദിച്ച കേസുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ജീവനാംശം കൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ടും വിവാഹമോചനം അനുവദിച്ചതിനെ ചോദ്യം ചെയ്തുമാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, യുവതിയ്ക്ക് അനുവദിച്ച ജീവനാംശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവ് കോടതിയെ സമീപിച്ചത്.
രണ്ടാനമ്മയുടെ ഉപദ്രവങ്ങളെക്കുറിച്ച് കുട്ടികൾ നൽകിയ മൊഴി പരിഗണിച്ചാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഈ വിധിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ജീവനാംശമായി പ്രതിമാസം 6000 രൂപയാണ് കുടുംബ കോടതി ആദ്യം വിധിച്ചത്. ഇത് വർദ്ധിപ്പിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഭർത്താവിൻ്റെ പദവിയും വരുമാനവും ജീവിതസാഹചര്യങ്ങളും പരിഗണിച്ച് പ്രതിമാസം 15,000 രൂപ യുവതിക്ക് ജീവനാംശമായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

