പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ വീണ്ടും ശിശുമരണം. ഒരു കുഞ്ഞ് കൂടി മരിച്ചു. ശനിയാഴ്ചയാണ് 15 മാസം പ്രായമുള്ള ദിവ്യാൻശി എന്ന പെൺകുഞ്ഞ് മരിച്ചത്. ശിവപുരി സ്വദേശിയായ ഒന്നരവയസുകാരിക്ക് 3.7 കിലോ ഭാരമാണ് മരണ സെയത്ത് ഉണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ദിവ്യാൻശിയുടെ ഹീമോഗ്ലോബിൻ നില 7.4 ഗ്രാം ആയിരുന്നു. അതിജീവിക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഇതെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുഞ്ഞിന് പോഷകാഹാരക്കുറവ് ഉള്ളതിനാൽ ന്യൂട്രീഷൻ റീഹാബിലറ്റേഷൻ കേന്ദ്രത്തിൽ കുട്ടിയെ പ്രവേശിപ്പിക്കണമെന്ന് അമ്മയ്ക്ക് നിരവധി തവണ നിർദ്ദേശം നൽകിയിരുന്നതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നു. എന്നാൽ പെൺകുഞ്ഞായതിന്റെ പേരിൽ ചികിത്സയുടെ ആവശ്യമില്ലെന്ന് യുവതിയുടെ ഭർതൃവീട്ടുകാർ പറഞ്ഞു. കുഞ്ഞ് അവശയായപ്പോഴും പെൺകുഞ്ഞല്ലേ മരിക്കട്ടെയെന്നാണ് ഭർതൃവീട്ടുകാർ വിശദമാക്കിയിരുന്നതെന്നാണ് കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. സംസ്ഥാനത്തെ പോഷകാഹാരക്കുറവ് സംബന്ധിയായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഒന്നരവയസുകാരിയുടെ മരണം.
ദിവസങ്ങൾക്ക് മുൻപാണ് ഷിയോപൂർ സ്വദേശിയായ രാധികയെന്ന ഒന്നരവയസുകാരി പോഷകാഹാരക്കുറവ് മൂലം മരിച്ചത്. 2.5 കിലോ മാത്രമായിരുന്നു മരിക്കുന്ന സമയത്ത് കുട്ടിയുടെ ഭാരം. മധ്യപ്രദേശിൽ മാത്രം 10 ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉള്ളതായാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.
പോഷകാഹാരക്കുറവ് മൂലം മധ്യപ്രദേശിൽ വീണ്ടും ശിശുമരണം കൂടി, മരിക്കുമ്പോൾ ഭാരം 3.7 കിലോ

