Site iconSite icon Janayugom Online

ശൈശവ വിവാഹം: ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

ശൈശവ വിവാഹത്തിന്റെ നിയമസാധുത പൂര്‍ണമായും ഇല്ലാതാക്കുന്നത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനോട് വിശദീകരണം തേടി. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘ്‌വി, ജസ്റ്റിസ് നവിന്‍ ചൗള എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര നിയമ മന്ത്രാലയത്തോട് വിശദീകരണം തേടിയത്. ദേശീയ വനിതാ കമ്മിഷന്റെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്. ഐഷ കുമാരി എന്ന യുവതിയുടെ ഹര്‍ജിയിലാണ് കോടതി കേന്ദ്രത്തിനും വനിത കമ്മിഷനും നോട്ടീസ് അയച്ചത്. 

16 വയസുള്ളപ്പോള്‍ ബന്ധുവിന്റെ മകന് നിര്‍ബന്ധപൂര്‍വം വിവാഹം കഴിച്ച് നല്‍കിയെന്ന് ഐഷയുടെ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ വിവാഹം പൂര്‍ണമായിരുന്നില്ല. 2018ല്‍ പെണ്‍കുട്ടി ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കി. പിന്നീട് കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയില്‍ വിജയം നേടുകയും ജാമിയ മിലിയ ഇസ്‌‌ലാമിയയില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നോടുകയും ചെയ്തു. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം പ്രതി തന്റെ വീട്ടിലെത്തുകയും ഭര്‍ത്താവാണെന്ന് അവകാശപ്പെട്ട് തന്നെ ഗുജറാത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും അപേക്ഷയില്‍ പറയുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

വീട്ടുകാരില്‍ നിന്നും ഭീഷണി നേരിടുന്നതായും അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. അപേക്ഷ പരിഗണിച്ച ഹൈക്കോടതി യുവതിക്ക് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 3(1) ശൈശവ വിവാഹങ്ങൾ അസാധുവാണെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ കേസെടുക്കുന്നതല്ലാതെ ആര്‍ക്കും ശിക്ഷ ലഭിക്കാറില്ല. പല കേസുകളും പിന്നീട് ഒത്തുതീര്‍ക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ബാലവിവാഹം ഭരണഘടനാ വിരുദ്ധവും ഗുരുതര കുറ്റവുമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു. സെപ്റ്റംബര്‍ 13ന് കേസില്‍ തുടര്‍വാദം കേള്‍ക്കും.

Eng­lish Summary:Child mar­riage: Del­hi High Court seeks expla­na­tion from Center
You may also like this video

Exit mobile version