Site iconSite icon Janayugom Online

കുട്ടിയുടെ സംരക്ഷണം: മാതാപിതാക്കളുടെ അവകാശത്തിന് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി

supreme courtsupreme court

കുട്ടിയുടെ സംരക്ഷണം തീരുമാനിക്കുമ്പോൾ മാതാപിതാക്കളുടെ അവകാശങ്ങൾക്ക് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ ക്ഷേമത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്തയാളുടെ സംരക്ഷണവും ജന്മനാട്ടിലേക്ക് തിരിച്ചയക്കുന്ന കാര്യവും കുട്ടികളുടെ ക്ഷേമത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രമേ പരിഹരിക്കാനാകൂ, മാതാപിതാക്കളുടെ നിയമപരമായ അവകാശങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് എസ് ഒക്ക എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞതായി ബാർ ആന്റ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അമേരിക്കൻ പൗരനായ പിതാവിന് അനുവദിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അമ്മയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുട്ടിയുമായി അമേരിക്കയിലേക്ക് മടങ്ങാൻ അമ്മയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ അവർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വൃക്കരോഗം ചികിത്സിക്കുന്നതിനായാണ് അമ്മയും കുഞ്ഞും ഇന്ത്യയിൽ എത്തിയത്. ചികിത്സയ്ക്ക് ശേഷം 2019 സെപ്റ്റംബർ 26 ന് കുട്ടിയുമായി യുഎസിലേക്ക് മടങ്ങുമെന്ന ഒരു സമ്മത രേഖയിൽ അവർ ഒപ്പിട്ടിരുന്നു. രേഖയനുസരിച്ച്, പദ്ധതിയിൽ എന്തെങ്കിലും മാറ്റങ്ങൾ മാതാപിതാക്കളുടെ സമ്മതപ്രകാരമായിരിക്കണം. എന്നാൽ ചികിത്സ പൂർത്തിയാക്കി യുഎസിലേക്ക് മടങ്ങാൻ അമ്മ കുട്ടിയെ അനുവദിച്ചില്ല. വൈദ്യചികിത്സയുടെ പേരിൽ കുട്ടിയെ യുഎസിലേക്ക് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് അമ്മ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Child pro­tec­tion: The Supreme Court has ruled that parental rights are irrelevant

You may like this video also

Exit mobile version