Site iconSite icon Janayugom Online

സുരക്ഷിതരല്ല കുഞ്ഞുങ്ങൾ;പോക്സോ കേസുകളിൽ വർധനയെന്ന് കണക്കുകൾ

pocsopocso

സമൂഹത്തിൽ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന് പോക്സോ കേസുകളുടെ ദിനംപ്രതിയുള്ള വർധനവ് സൂചിപ്പിക്കുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന് ഉൾപ്പെടെ തടയിടാനാണ് പോക്സോ അടക്കം നിയമങ്ങൾ കൊണ്ടുവന്നത്. എന്നാൽ ഈ നിയമങ്ങളൊന്നും ഫലപ്രദമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലാണ് പോക്സോ കേസുകൾ ഏറെയും രജിസ്റ്റർ ചെയ്തിരിക്കുന്നത്. 457 കേസുകളാണ് കഴിഞ്ഞ ഒരുവർഷം ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം റൂറലിലെയും സ്ഥിതി വ്യത്യസ്തമല്ല. 318 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിൽ 116 കേസുകളും. പാലക്കാട് 251 ഉം, എറണാകുളം ജില്ലയിൽ റൂറലിലും സിറ്റിയിലുമായി 327 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലത്ത് 322 കേസുകളും കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 294 ഉം, തൃശൂരിൽ 296 ഉം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിലെയും സ്ഥിതി വ്യത്യസ്തമല്ല.

അഞ്ച് വർഷത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം പോക്സോ കേസുകൾ നാലിരിട്ടിയിലേറെ വർധിച്ചു. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരാണ് പെൺകുട്ടികളെ ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയമാക്കിയത്. 2016 ൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 112 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഡിസംബർ വരെ 163 കേസുകള്‍ രജിസ്റ്റർ ചെയ്തു. എരുമേലി, മുണ്ടക്കയം, പാലാ, ഈരാറ്റുപേട്ട, വൈക്കം, കുമരകം, കടുത്തുരുത്തി, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് ഏറ്റവും അധികം കേസുകൾ.

സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തിൽ 2013 ൽ കോട്ടയം 11-ാം സ്ഥാനത്തായിരുന്നെങ്കിൽ 2021ൽ ഒമ്പതാം സ്ഥാനത്താണ്. റിപ്പോർട്ട് ചെയ്യുന്ന പോക്സോ കേസുകളിൽ 80 ശതമാനത്തിന് മുകളിലും മൊബൈൽ ഫോണാണ് വില്ലൻ. പത്താം ക്ലാസ്, ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് കൂടുതലും ചൂഷണത്തിനിരയാവുന്നതെന്നാണ് സൂചന. ഓൺലൈൻ ക്ലാസുകൾക്കായി വാങ്ങിയ ഫോൺ കുട്ടികൾ ദുരുപയോഗം ചെയ്തത് രക്ഷിതാക്കളും അറിയാറില്ല. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം സൗഹൃദങ്ങളാണ് ഒരു വിഭാഗം ദുരുപയോഗം ചെയ്യുന്നത്.

Eng­lish Sum­ma­ry: Chil­dren are not safe

You may like this video also

Exit mobile version