Site iconSite icon Janayugom Online

വർണ്ണവെറിക്കെതിരെ കടൽ കടന്ന് കറുത്ത പാവക്കുട്ടികളുമായി കുരുന്നുകളെത്തി

കാലം മാറുന്നു; ലോകവും മാറുന്നു. അമേരിക്കയുടെ ഹൃദയത്തിലേക്കു വേരുകളാഴ്ത്തിയ വർണ്ണവിവേചനത്തിനു മാത്രം പക്ഷേ, മാറ്റമേതുമില്ല. അതിനെതിരെ തങ്ങളുടെ കുഞ്ഞുമനസ്സുകളിൽ നാമ്പിട്ടു വളർന്ന പ്രതിഷേധത്തിന്റെ തീക്ഷ്ണത, അതിന്റെ ചൂടൊട്ടും കുറയാതെ ലോക മനസാക്ഷിയിലേക്കു കൂടുതലായി എത്തിക്കാനുള്ള പ്രയത്നത്തിലാണ് സോയിയും എറിനും.

വർണ്ണവെറിക്കെതിരായ പോരാട്ടത്തിന് 15 കാരിയായ സോയി ടെറിനും 13 കാരിയായ എറിൻ മായോയും തെരഞ്ഞെടുത്തിരിക്കുന്നത് തികച്ചും വേറിട്ട വഴിയാണ്. കറുത്ത പാവക്കുട്ടികളെയുണ്ടാക്കി ലോകത്താകമാനം വിതരണം ചെയ്യുക. ആ നിയോഗത്തിന്റെ ഭാഗമായാണ് ഇരുവരും കേരളത്തിലുമെത്തിയത്. ഇരുവരും അമേരിക്കയിലെ മിയാമി സ്വദേശിനികളും സ്കൂൾ വിദ്യാർത്ഥിനികളും.

ആറാമത്തെ വയസ്സിൽ ഒന്നാം ക്ലാസ്സിലെത്തിയപ്പോൾ വെളുത്തവർഗ്ഗക്കാരായ സഹപാഠികളിൽ നിന്ന് ഏൽക്കേണ്ടി വന്ന നിന്ദയും പരിഹാസവും സോയിയുടെ കൊച്ചു മനസിൽ എതിർപ്പിന്റെ ആദ്യ തീപ്പൊരികൾ വീഴ്ത്തി. രണ്ടാം വയസ്സിൽ ഒരു വാഹനാപകടത്തെ തുടർന്ന് ശരീരത്തിന്റെ ചലനശേഷി നഷ്ടമായപ്പോൾ, ചലന ശേഷി വീണ്ടെടുക്കാനുള്ള ചികിത്സയുടെ ഭാഗമായി മാതാവിന്റെ പ്രോത്സാഹനത്തിൽ വശമാക്കിയതാണ് പാവക്കുട്ടികളുടെ നിർമ്മാണം.

പിന്നീട്, വിദ്യാലയത്തിലെ ദുരനുഭവം കൂടിയായപ്പോൾ, മനസ്സിൽ വിങ്ങിനിന്ന അമർഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രതിഫലനമായി പാവക്കുട്ടികൾക്ക് സോയി കറുത്തനിറം പൂശി. തുടർന്ന്, അവ സ്കൂളിലും പുറത്തും സമപ്രായക്കാർക്കിടയിൽ വിതരണം ചെയ്തു.

പിന്നീട്, അവൾ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട്, കറുത്ത പാവക്കുട്ടികളുടെ നിർമ്മാണത്തിനും വിതരണത്തിനും മാത്രമായി ഒരു സ്ഥാപനം തുടങ്ങി. പേര് ഡോൾ. സ്ഥാപനത്തിന്റെ മേധാവിയായപ്പോൾ, കളിക്കൂട്ടുകാരിയായ എറിൻ മായോയെ മാനേജരായി ഒപ്പം കൂട്ടി. ഇപ്പോൾ, പത്താം ക്ലാസ്സിലെത്തിയ സോയി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തൊഴിൽ സംരംഭകയാണ്.

ഇതിനകം, 20 ‑ലേറെ രാജ്യങ്ങളിൽ 30, 000 ‑ത്തിലധികം കറുത്ത പാവക്കുട്ടികളെ സോയിയുടെ സ്ഥാപനം വിതരണം ചെയ്തു കഴിഞ്ഞു. ഈ പ്രായത്തിനുള്ളിൽ ഒരു പുസ്തകവുമെഴുതി പ്രസിദ്ധീകരിച്ചു. ടെന്നീസ് രംഗത്ത് പ്രശസ്തയായ സെറീന വില്യംസ് അടക്കം ഒട്ടേറെ നല്ല മനുഷ്യരുടെ പിന്തുണ, വർണ്ണവിവേചനത്തിനെതിരായ എല്ലാ പ്രവർത്തനങ്ങളിലും സോയിക്കു കൂട്ടായുണ്ട്.

കേരളത്തിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയ ബന്ധു വഴിയാണ്, മുതലാളിത്തത്തിനും വർണ്ണവെറിക്കുമെതിരായ പോരാട്ടത്തിലെ മുന്നണിപ്പടയാളികളായ കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യ സമ്പ്രദായത്തിലൂടെ ഭരണത്തിലെത്തിയ നാടിനെക്കുറിച്ച് സോയി ആദ്യമായി അറിയുന്നത്. അപ്പോൾ, കേരളത്തിലേക്കുള്ള യാത്ര ഒരു സ്വപ്നമായി. മാതാവ് റാക്കിയയും കൂട്ടുകാരി എറിൻ മായോയുമായി മലയാള മണ്ണിൽ കാലുകുത്തിയപ്പോൾ സ്വപ്നത്തിന്റെ സാക്ഷാത്കാരവുമായി. കറുത്ത പാവക്കുട്ടികളുടെ ശേഖരവുമായിട്ടായിരുന്നു യാത്ര.

കൂടുതലും, സമപ്രായക്കാരായ കുട്ടികളെ പരിപാലിക്കുന്ന ഇടങ്ങളാണ് സോയി സന്ദർശിച്ചത്. അതിന്റെ ഭാഗമായി ആലുവയിലെ ശ്രീനാരായണഗിരിയിലുമെത്തി. കുട്ടികളുമായി സംവദിച്ചു. അവർക്ക് പാവക്കുട്ടികളെ സമ്മാനിച്ചു.

വിവേചനങ്ങളെ നേരിടാൻ ഒത്തൊരുമയാണ് വേണ്ടത്. വിവേചനത്തിന് ഇരകളാകുന്നവർ ശക്തിയായി പ്രതികരിക്കണം. അതിന് ആത്മവിശ്വാസമുണ്ടാകണം. അമേരിക്കയിൽ ഇത്തരം ചെറുത്തു നിൽപ്പുകൾ കൊച്ചു കുട്ടികളിൽ നിന്നുവരെ ഉണ്ടാകുന്നുണ്ട് — സോയി ടെറി പറഞ്ഞു.

Eng­lish summary;children came  with black dolls against racism

You may also like this video;

Exit mobile version