കുട്ടികള്‍ മൊബൈലും ലാപ് ടോപ്പും അടക്കമുള്ള മണിക്കൂറുകളോളം ഉപയോഗിക്കുന്നതില്‍ രാജ്യത്തെ 89 ശതമാനം അമ്മമാരും ആശങ്കയിലാണെന്ന് ഗവേഷണം. രാജ്യത്തെ പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ ടെക്ചാര്‍ക്കാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്തെ നാല് മെട്രോ നഗരങ്ങളില്‍ തൊഴിലെടുക്കുന്ന അമ്മമാരുടെ ഇടയിലാണ് സര്‍വേ നടത്തിയത്. മൂന്ന് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ അമ്മമാരാണിവര്‍.
സ്ക്രീന്‍ സമയം കൂടുന്നതതിനനുസരിച്ച് കുട്ടികളുടെ പഠനം മാത്രമല്ല ശാരീരിക‑മാനസിക ആരോഗ്യത്തെയും ബാധിക്കുമെന്ന് അമ്മമാര്‍ ആശങ്കപ്പെടുന്നു. അമ്മമാർ നേരിടുന്ന മറ്റ് പ്രധാന ആശങ്ക സ്വകാര്യതയാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 81 ശതമീനം അമ്മമാര്‍ക്കും ഇത് തലവേദനയായി മാറിയിരിക്കുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തെ പറ്റി 72 ശതമാനം അമ്മമാരും പറഞ്ഞു. കൗമാരക്കാരെ സ്വാധീനിക്കുന്ന പലതും ഉള്ളതിനാലാണ് 45 ശതമാനം അമ്മമാരും ആശങ്കപ്പെടുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത വ്യാജ വീഡിയോകള്‍, ആൾമാറാട്ടം എന്നിവയെ കുറിച്ച് 26 ശതമാനം പേരും ആകുലതപ്പെടുന്നെന്ന് പഠനം പറയുന്നു.
ജനങ്ങളുടെ പ്രശസ്തിയും വിശ്വാസ്യതയും കളങ്കപ്പെടുത്താൻ ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും ജനറേറ്റീവ് എഐയും വ്യാപകമായി ഉപയോഗിക്കുകുയും ഇത് സംബന്ധിച്ച കേസുകൾ കൂടിവരുകയും ചെയ്യുന്നതും പലരെയും ആശങ്കപ്പെടുത്തുന്നു.
വിആർ ഹെഡ്‌സെറ്റുകളുടെ ജനപ്രിയതയാണ് അമ്മമാരുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന മറ്റൊരു പ്രധാന ഉപകരണം, ആപ്പിൾ വിഷൻ പ്രോ വിപണിയിലെത്തിയ ശേഷമാണിത് കൂടിയത്. ഇത് ഉപയോഗിച്ച് തുടങ്ങിയാല്‍ ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കുട്ടികള്‍ അതില്‍ മുഴുകിയിരിക്കുമെന്ന് അമ്മമാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് പല സേവനങ്ങള്‍ക്കും സാങ്കേതികവിദ്യ ഉപകാരമാണെന്ന് 60 ശതമാനം അമ്മമാരും പറയുന്നു. ഷോപ്പിങ്ങിന് ആമസോണ്‍, ഭക്ഷണത്തിന് സ്വിഗ്ഗി, സിനിമയും സീരിയലും സീരീസും കാണുന്നതിന് ഡിസ്നി ഹോട്ട് സ്റ്റാറുമാണ് നല്ലതെന്നും അമ്മമാര്‍ പറയുന്നു.
English Summary: Children’s Mobile Use: 89 Percent Mothers Concerned
You may also like this video