Site iconSite icon Janayugom Online

മലപ്പുറത്ത് കുഞ്ഞിന്റെ മരണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

മലപ്പുറം കാളികാവ് രണ്ടര വയസ്സുകാരിയെ പിതാവ് മർദിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസെടുത്തത്. നടപടിക്രമങ്ങൾക്കായി ചീഫ് ജസ്റ്റിസിന് വിടാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി, മലപ്പുറം എസ്പി, കാളികാവ് സിഐ എന്നിവരെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചു. സംഭവം ഹൃദയഭേദകമാണെന്നും ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരത എങ്ങനെ ചെയ്യാനായെന്നും കോടതി ചോദിച്ചു. മാത്രമല്ല, പൊലീസ് കർശനമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും കോടതി നിർദ്ദേശിച്ചു.

കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിൻ മരിച്ചത് അതിക്രൂര മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ പാടുകൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 

Eng­lish Summary:Child’s death in Malap­pu­ram: High Court takes case voluntarily
You may also like this video

Exit mobile version