Site iconSite icon Janayugom Online

കണ്ണിൽ മുളകുപൊടി വിതറി; ബെൽറ്റ് കൊണ്ട് തുടരെ തല്ലി: കർണാടകയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് നേരെ സ്കൂൾ അധികൃതരുടെ ക്രൂര മർദനം

വടക്കൻ കർണാടകയിലെ ബാഗൽകോട്ടിൽ ഭിന്നശേഷിക്കാരനായ പതിനാറുകാരന് നേരെ സ്കൂൾ അധികൃതരുടെ ക്രൂര മർദനം. കുട്ടിയെ ബെൽറ്റുകൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തു. ബാഗൽകോട്ടിലെ നവഗർ മേഖലയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ‘ദിവ്യജ്യോതി’ സ്കൂളിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ഉടമ അക്ഷയ് ഇന്ദുൽക്കർ, ഭാര്യ ആനന്ദി എന്നിവരുൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂളിലെ മുൻ ജീവനക്കാരൻ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറംലോകമറിഞ്ഞത്. മറ്റ് കുട്ടികളുടെ മുന്നിലിട്ടാണ് പ്ലാസ്റ്റിക് പൈപ്പും ബെൽറ്റും ഉപയോഗിച്ച് അക്ഷയ് എന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദിക്കുന്നത്. കുട്ടി വേദനകൊണ്ട് പുളയുമ്പോൾ ആനന്ദി കണ്ണിലേക്ക് മുളകുപൊടി എറിയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ സമയം ദൃശ്യങ്ങൾ പകർത്തിയ ആൾ ചിരിക്കുന്നതും കേൾക്കാം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സ്കൂളിനെതിരെ വൻ പ്രതിഷേധം ഇരമ്പി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് കർശനമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Exit mobile version