അരുണാചൽ പ്രദേശ്-സിക്കിം മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖ (ആക്ച്വല്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍— എല്‍എസസി) യിലെ സൈനിക വിന്യാസം ചൈന വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പ്രദേശത്തേക്കുള്ള ചൈനീസ് സൈനിക വിന്യാസം തുടരുകയാണെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കി. 2020ല്‍ കിഴക്കന്‍ ലഡാക്കിലേതിനു സമാനമായാണ് അരുണാചല്‍ പ്രദേശില്‍ ചൈനയുടെ പുതിയ നീക്കമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
1962ലെ യുദ്ധത്തിൽ അരുണാചൽ, അക്സായ് ചിൻ എന്നീ മേഖലകള്‍ തങ്ങള്‍ കൈവശപ്പെടുത്തിയതായി കാണിക്കുന്ന “സ്റ്റാൻഡേർഡ് മാപ്പിന്റെ” 2023 പതിപ്പ് കഴിഞ്ഞ ആഴ്ച ബെയ്ജിംഗ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ പത്ത് മാസമായി കിഴക്കൻ സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുന്നത് തുടരുകയാണ്. ചൈനയുടെ കടന്നുകയറ്റം സസൂക്ഷം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ലഡാക്കിലേതിനുസമാനമായ ആക്രമണം ആവര്‍ത്തിക്കുന്നതിന് ചൈന പദ്ധതിയിടുന്നതായി സൂചനയുണ്ടെന്നും എന്നാല്‍ കിഴക്കൻ മേഖലയിൽ ചൈനയുടെ പദ്ധതികൾ അട്ടിമറിക്കുന്നതിന് ആവശ്യമായ വിന്യാസം ഇന്ത്യൻ ഭാഗവും നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ചൈനീസ് ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അതിർത്തി പ്രശ്നം പരിഹരിക്കുന്നത് സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീക് കടന്നുകയറ്റം പ്രതിരോധിക്കാൻ അരുണാചൽ പ്രദേശിലെ എൽഎസിക്ക് സമീപമുള്ള ഹൈവേകളുടെയും റോഡുകളുടെയും നിർമ്മാണം ഇന്ത്യ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
English Summary: China again provoked India: India is ready to face anything
You may also like this video