Site iconSite icon Janayugom Online

ലഡാക്കില്‍ ചൈന കൂറ്റന്‍ പാലം നിര്‍മ്മിക്കുന്നു

ഇന്ത്യ–ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ലഡാക്കില്‍ കൂറ്റന്‍ പാലം നിര്‍മിച്ച് ചൈന. പാംഗോങ് തടാകത്തിന് കുറുകെയാണ് ചൈനീസ് സൈന്യം പാലം പണിയുന്നത്.

ചൈനീസ് ഭാഗത്ത് പാംഗോങ് തടാകത്തില്‍ നിര്‍മ്മിച്ച രണ്ടാമത്തെ പാലമാണിത്. ടാങ്കുകള്‍ പോലുള്ള വലിയ യുദ്ധ വാഹനങ്ങളും കവചിത വാഹനങ്ങളും കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് കൂറ്റന്‍ പാലം നിര്‍മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലം നിര്‍മാണത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലഡാക്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സമയത്താണ് ചൈനയുടെ പാലം നിര്‍മാണം. രണ്ടാമത്തെ പാലത്തിന്റെ നിര്‍മ്മാണത്തിനായി സര്‍വീസ് ബ്രിഡ്ജായാണ് ആദ്യ പാലം ഉപയോഗിക്കുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ക്രെയിനുകള്‍ സ്ഥാപിക്കാനും മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരാനും ആദ്യപാലമാണ് ചൈന ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ നിര്‍മ്മിച്ച പാലത്തിന് തൊട്ടടുത്താണ് പുതിയ പാലം നിര്‍മിക്കുന്നത്. മുമ്പത്തേതിനേക്കാള്‍ വളരെ വലുതും വീതിയുള്ളതുമാണ് ഇത്. മൂന്നാഴ്ച മുമ്പാണ് ചൈന പുതിയ പാലം നിര്‍മിക്കുന്നതായി ശ്രദ്ധയില്‍പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish sum­ma­ry; Chi­na builds giant bridge in Ladakh

You may also like this video;

Exit mobile version