ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പിടിമുറുക്കുന്നതായി ആവര്‍ത്തിച്ച് യുഎസ്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റിനാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് സൈനിക വിന്യാസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
സിംഗപ്പൂരില്‍ നടന്ന ഷന്‍ഗിരി-ലാ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തികള്‍ പിടിച്ചെടുക്കുന്നതിനായി ചൈന സ്വീകരിക്കുന്ന യുദ്ധസമാനവും പ്രകോപനപരവുമായ നീക്കങ്ങള്‍ക്കെതിരെ സുഹൃത് രാജ്യങ്ങള്‍ക്കൊപ്പം അമേരിക്ക നിലകൊള്ളുമെന്ന് ഓസ്റ്റിന്‍ പറഞ്ഞു. ദക്ഷിണ ചൈനക്കടലിലെ തര്‍ക്കപ്രദേശം പിടിച്ചെടുക്കാനായി ചൈന നടത്തിയത് പ്രകോപനപരവും അനധികൃതവുമായ നീക്കങ്ങളാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലും ചൈന പിടിമുറുക്കുന്നതിന്റെ സൂചനയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ലഡാക്കിലെ പാങ്ഗോങ് തടാക മേഖലയില്‍ 2020 മേയ് അഞ്ചിനുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ചൈന‑ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യ പസഫിക് മേഖലയില്‍ വിയറ്റ്നാം, ജപ്പാന്‍ രാജ്യങ്ങളുമായും ചൈനയ്ക്ക് സമുദ്രാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ചൈനയുടെ നീക്കം കണ്ണുതുറപ്പിക്കുന്നതാണെന്ന യുഎസ് ജനറല്‍ ചാള്‍സ് എ ഫ്ലിന്നിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിന്റെ മുന്നറിയിപ്പ്.
English Summary: China grips Indian border: US Warned
You may like this video also