Site iconSite icon Janayugom Online

ഗല്‍വാന്‍ ഏറ്റുമുട്ടലിന്റെ കമാന്‍ഡറെ ആദരിച്ച് ചെെന

20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഗല്‍വാന്‍ ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎൽഎ) റെജിമെന്റ് കമാന്‍ഡറെ ആദരിച്ച് ചെെനീസ് സര്‍ക്കാര്‍. ഇന്നലെ നടന്ന 1,200 പേര്‍ പങ്കെടുത്ത റാലിയില്‍ ദീപശിഖ വഹിച്ചത് റെജിമെന്റ് കമാൻഡർ ക്വി ഫാബാവോ ആയിരുന്നു.
വിന്റർ ഒളിമ്പിക്‌സ് പാർക്കിൽ വെച്ച് നടന്ന ചടങ്ങില്‍ നാല് തവണ ഒളിമ്പിക്സ് ചാമ്പ്യനായ വാങ് മെംഗിൽ നിന്ന് ക്വി ഫാബാവോ അഗ്നിജ്വാല ഏറ്റുവാങ്ങിയതായി ഗ്ലോബൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യക്കെതിരെയുള്ള പരോക്ഷമായ വിമര്‍ശനവും താക്കീതുമായാണ് ചെെനയുടെ നടപടിയെ വിലയിരുത്തുന്നത്.
ഷിന്‍ജിയാങിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ വിന്റര്‍ ഒളിമ്പിക്സിന് നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച അവസരത്തില്‍ ഒളിമ്പിക്സിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ ചെെന വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സെെനിക തല ചര്‍ച്ചകള്‍ തുടരുന്ന നയതന്ത്രവിഷയത്തില്‍ പരോക്ഷമായ രാഷ്ട്രീയ പ്രസ്താവനകള്‍ക്കായി ശീതകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട ചടങ്ങ് ചെെന ഉപയോഗപ്പെടുത്തുന്നു.
കൂടാതെ, കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിലയുറപ്പിച്ചിരിക്കുന്ന പിഎൽഎ സൈനികരെക്കുറിച്ച് അഞ്ച് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയും ചൈന സെൻട്രൽ ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്നു. ആദ്യ എപ്പിസോഡിൽ ഗൽവാൻ താഴ്‌വരയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങുകളും പാംഗോങ് തടാകത്തിന് തെക്ക് സ്‌പാംഗൂർ തടാകത്തിലുള്‍പ്പെടെയുള്ള അതിർത്തിയിലെ പട്രോളിങ്ങുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഗൽവാൻ ഏറ്റുമുട്ടലിൽ മരിച്ച പിഎൽഎ സൈനികരുടെ ബന്ധുക്കളുമായുള്ള അഭിമുഖങ്ങളും സംപ്രേക്ഷണം ചെയ്തിരുന്നു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിന്നുള്ള പിന്‍വാങ്ങലിനെക്കുറിച്ച് ഇന്ത്യയും ചെെനയും തമ്മിലുള്ള ചർച്ചകൾ തുടരുമ്പോഴും ഗൽവാൻ സംഘർഷം പൊതുജനശ്രദ്ധയിൽ നിലനിർത്തുന്നതിനുളള ശ്രമങ്ങള്‍ ചൈനീസ് സർക്കാർ തുടർന്നിരുന്നു.

Eng­lish Sum­ma­ry : Chi­na hon­ours com­man­der of Gal­wan encounter

you may also like this video

Exit mobile version