ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം ചെെന പിടിച്ചെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെെനയില്‍ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് വിമാനത്താവളം പിടിച്ചെടുക്കാന്‍ ചെെന ഒരുങ്ങുന്നതെന്നാണ് സൂചന.
2015ൽ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ വ്യവസ്ഥകൾ മൂലം എന്റബേ വിമാനത്താവളം ചൈനയ്ക്ക് ലഭിക്കുമെന്ന സ്ഥിതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ പ്രകാരം അന്താരാഷ്ട്ര മധ്യസ്ഥതയില്ലാതെ തന്നെ വിമാനത്താവളം ചൈനക്ക് പിടിച്ചെടുക്കാവുന്നതാണ്. ഉഗാണ്ട സർക്കാർ, ചൈനയുടെ എക്‌സ്‌പോർട് ഇംപോർട് ബാങ്കിൽ നിന്ന് 20.7 കോടി യുഎസ് ഡോളർ കടമെടുത്തിരുന്നു. എന്റബേ വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു രണ്ട് ശതമാനം പലിശ നിരക്കിൽ ഉഗാണ്ട സർക്കാർ വായ്പയെടുത്തത്. ഏഴ് വർഷത്തെ ഗ്രേസ് പീരിഡ് അടക്കം 20 വർഷമായിരുന്നു വായ്പാ കാലാവധി. ഉഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.
എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ വിമാനത്താവളത്തിനു മേല്‍ ചെെനയ്ക്ക് നിര്‍ണായക സ്വാധീനം നല്‍കുന്നതാണ്. ഇതാണ് ഉഗാണ്ടയ്ക്ക് തിരിച്ചടിയാവുന്നത്. ഉഗാണ്ടൻ സിവിൽ എവിയേഷൻ അതോറിറ്റിക്ക് അവരുടെ ബജറ്റിനും തന്ത്രപരമായ പദ്ധതികൾക്കുമായി ലോൺ നൽകിയ ബാങ്കിന്റെ അനുമതി തേടണമെന്നതാണ് വ്യവസ്ഥകളിലൊന്ന്.
സാമ്പത്തിക കരാറിലെ ചില വ്യവസ്ഥകൾ പ്രകാരം ലോൺ അടയ്ക്കാത്ത പക്ഷം എന്റബെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ഉഗാണ്ടൻ ആസ്തികളും പിടിച്ചെടുക്കാന്‍ വായ്പ നൽകിയവർക്ക് അധികാരമുണ്ടെന്നും കരാറില്‍ വ്യവസ്ഥയുണ്ട്. വായ്പയ്ക്കു മേൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം ചൈനീസ് നിയന്ത്രണത്തിലേക്ക് പോകുന്നതിനെ സാധൂകരിക്കുന്നതാണ് ഇത്. കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി കരാർ പരിഷ്‌കരിക്കണമെന്ന ഉഗാണ്ടയുടെ ആവശ്യം ചൈന നിരാകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
English Summary: China may seize Uganda’s only international airport
You may like this video also