Site iconSite icon Janayugom Online

യുഎസിനെ മറികടന്ന് ചൈന; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

ട്രംപിന്റെ തീരുവ യുദ്ധം ഏല്‍പ്പിച്ച ആഘാതങ്ങള്‍ക്കിടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. ഓഗസ്റ്റിലാണ് ചൈന അമേരിക്കയെ മറികടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം ഓഗസ്റ്റില്‍ 12.1 ബില്യണ്‍ ഡോളറിലെത്തി. ഇതേ കാലത്ത് യുഎസുമായുള്ള വ്യാപാരം 10.4 ബില്യണ്‍ ഡോളര്‍ മാത്രമാണ്. അമേരിക്കന്‍ കയറ്റുമതിയില്‍ ഗണ്യമായ കുറവുണ്ടായതാണ് ഈ മാറ്റത്തിന് കാരണം. ഓഗസ്റ്റില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 16.3% കുറഞ്ഞ് 6.7 ബില്യണ്‍ ഡോളറായി. ജൂലൈയില്‍ എട്ട് ബില്യണ്‍ ഡോളറായിരുന്നു. യുഎസില്‍ നിന്നുള്ള ഇറക്കുമതിയും കുത്തനെ ഇടിഞ്ഞു, 20.8% കുറഞ്ഞ് 3.6 ബില്യണ്‍ ഡോളറായി. ഏപ്രിലില്‍ 10% ആയിരുന്ന യുഎസ് താരിഫുകള്‍ ഓഗസ്റ്റ് അവസാനം 50% ആയി കുതിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നെന്ന് ആരോപിച്ചാണ് ട്രംപ് 25% പിഴ താരിഫ് ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി വര്‍ഷന്തോറും 0.67% നേരിയ വര്‍ധനവ് രേഖപ്പെടുത്തി 10.9 ബില്യണ്‍ ഡോളറിലെത്തി. ചൈനയിലേക്കുള്ള കയറ്റുമതി 22.38% വര്‍ധിച്ച് 1.21 ബില്യണ്‍ ഡോളറായി. 50% താരിഫ് നിലവിലുണ്ടെങ്കില്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ യുഎസ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് 30–35 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ജിടിആര്‍ഐ എന്ന ഗവേഷക സ്ഥാപനത്തിന്റെ കണക്കുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഭാവിയില്‍ ചൈനയായിരിക്കും ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം. 2022, 2023, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ് ആയിരുന്നു. 2014 സാമ്പത്തിക വര്‍ഷം മുതല്‍ 18 വരെയും 2021ലും ഉള്‍പ്പെടെ നിരവധി വര്‍ഷങ്ങളായി ചൈനയായിരുന്നു മുമ്പ് ഈ സ്ഥാനം വഹിച്ചിരുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുമായുള്ള ചൈനയുടെ ഉഭയകക്ഷി വ്യാപാരം യുഎസുമായുള്ളതിനേക്കാള്‍ കൂടുതലായിരുന്നു. 2014ന് മുമ്പ് യുഎഇ ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചരക്ക് സേവനങ്ങളിലുള്ള വ്യാപാരം ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര ചര്‍ച്ച നടത്തിവരുകയാണ്. 2023തോടെ മൊത്തം വ്യാപാരം 500 ബില്യണ്‍ ഡോളറാക്കുകയാണ് ഇരു കൂട്ടരുടെയും ലക്ഷ്യം. നിലവിലിത് 191 ബില്യണ്‍ ഡോളറാണ്. ചൈനയുമായുള്ളത് 127.7 ബില്യണ്‍ ഡോളറും. 

Exit mobile version