Site iconSite icon Janayugom Online

അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ജെ-35 പാകിസ്ഥാന് നൽകാനൊരുങ്ങി ചൈന

ചൈന തങ്ങളുടെ ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളിൽ 40 എണ്ണം പാകിസ്ഥാന് നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതോടെ, സ്റ്റെൽത്ത് സാങ്കേതികവിദ്യ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഉൾപ്പെടും. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് സ്റ്റെൽത്ത് യുദ്ധവിമാനങ്ങളൊന്നുമില്ല. 

2024 നവംബറിലാണ് ചൈന തങ്ങളുടെ രണ്ടാമത്തെ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് ആയ ജെ-35 പുറത്തിറക്കിയത്. വിവിധോദ്ദേശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത, ഇരട്ട എഞ്ചിൻ, സിംഗിൾ സീറ്റർ സൂപ്പർസോണിക് ജെറ്റ് ആയ ജെ-35‑ൽ, ഇലക്ട്രോ-ഒപ്റ്റിക്കൽ ടാർഗെറ്റിംഗ് സിസ്റ്റം, ശത്രുവിമാനങ്ങളെ വേട്ടയാടുന്നതിനുള്ള ഇൻഫ്രാറെഡ് സെർച്ച്-ആൻഡ്-ട്രാക്ക് എന്നിവയുൾപ്പെടെയുള്ള നൂതന ഏവിയോണിക്സ് സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35 ന് സമാനമായാണ് ജെ-35 യുദ്ധവിമാനത്തെ കാണുന്നത്. 

നിലവിൽ 20 ചൈനീസ് ജെ-10സി, ജെഎഫ്-17 യുദ്ധവിമാനങ്ങളുള്ള പാകിസ്ഥാൻ, 40 ജെ-35 വിമാനങ്ങൾ വാങ്ങുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്ഥാന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിമാനങ്ങൾ പരിഷ്കരിച്ച എഫ്സി-31 പതിപ്പാണെങ്കിലും, അവ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായിരിക്കുമെന്നും സൂചനയുണ്ട്. ഈ നീക്കം മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version