Site icon Janayugom Online

തായ്‍വാന്‍ വിഷയത്തില്‍ ചെെനയെ സെെനികമായി പ്രതിരോധിക്കും: ബെെഡന്‍

biden

തായ്‍വാന്‍ വിഷയത്തില്‍ അമേരിക്കയും ചെെനയും തമ്മില്‍ വാക്പോര്. തായ്‍വാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായുള്ള ചെെനയുടെ ഏത് ശ്രമത്തെയും സെെനികമായി പ്രതിരോധിക്കുമെന്ന ജോ ബെെഡന്റെ പ്രസ്‍താവനയാണ് പോരിന്റെ ആരംഭം. തായ്‍വാന്‍ വിഷയത്തില്‍ ചെെ ന തീകൊണ്ട് കളിക്കുകയാണെന്നായിരുന്നു ബെെഡന്റെ പ്രസ്‍താവന. ഉക്രെയ്‍ന്‍ ആക്രമണം നടത്തുന്ന റഷ്യക്കെതിരായ ഉപരേ­ാധങ്ങള്‍ ചെെനയ്ക്കും കൂടിയുള്ള മുന്നറിയിപ്പാണെന്നും ബെെഡന്‍ സൂചന നല്‍കി. ചെെനയെ പ്രതിരോധിക്കാന്‍ സെെനികമായി ഇടപെടാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ബെെഡന്‍ കൂട്ടിച്ചേര്‍ത്തു. വൺ ചൈന നയത്തോട് ഞങ്ങൾ യോജിച്ചു. എന്നാൽ അത് ബലപ്രയോഗത്തിലൂടെ നേടിയെടുക്കാമെന്ന ആശയം ഉചിതമല്ലെന്നും ബെെഡന്‍ പറഞ്ഞു. യുഎസ് നയതന്ത്രപരമായി ചെെനയെ അംഗീകരിക്കുന്നു. തായ്‍വാനുമായും ശക്തമായ നയതന്ത്ര ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും ബെെഡന്‍ വ്യക്തമാക്കി.

ജോ ബെെഡന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ചെെനയും ഉടന്‍ രംഗത്തെത്തി. സ്വയം ഭരണപ്രദേശമായ തായ്‌വാനെ ചെെന ഒരിക്കലും നിയന്ത്രിച്ചിട്ടില്ല. എന്നാല്‍ ചെെനയുടെ ഭാഗമായി തന്നെയാണ് തായ്‍വാനെ പരിഗണിക്കുന്നതെന്നും ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്നും ചെെന പ്രതികരിച്ചു. തായ്‌വാൻ ചൈനയുടെ അവിഭ്യാജ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. തായ്‌വാൻ പ്രശ്നം ചൈനയുടെ ആഭ്യന്തര കാര്യമാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും പ്രധാന താല്പര്യങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയ്‌ക്കോ ഇളവുകൾക്കോ ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ചൈനയുടെ ഉറച്ച തീരുമാനവും ഇച്ഛാശക്തിയും ശക്തമായ കഴിവും ആരും കുറച്ചുകാണരുതെന്നും വാങ് മുന്നറിയിപ്പ് നല്‍കി.

യുഎസിന്റെ ഇന്തോ പസഫിക് തന്ത്രത്തിനെതിരെയും ചെെന വിമര്‍ശനമുന്നയിച്ചു. സ്വാതന്ത്ര്യത്തിന്റെയും തുറന്ന മനസ്സിന്റെയും മറവിലാണ് ക്വാഡ് സംഖ്യം രൂപീകരിച്ചതെന്നും എന്നാൽ ചൈനയെ ഉൾക്കൊള്ളാനുള്ള ലക്ഷ്യത്തോടെയാണെന്നും വിദേശകാര്യ മന്ത്രി വാങ് യി ആരോപിച്ചു. യുഎസിന്റെ ഇന്തോ-പസഫിക് തന്ത്രം അന്താരാഷ്ട്ര സമൂഹത്തിൽ, പ്രത്യേകിച്ച് ഏഷ്യ‑പസഫിക് മേഖലയിൽ കൂടുതൽ കൂടുതൽ ജാഗ്രതയും ആശങ്കയും ഉണ്ടാക്കുന്നതായും വാങ് യി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് വാങ് യിയുടെ പ്രസ്‍താവന.

Eng­lish Sum­ma­ry: Chi­na will be mil­i­tar­i­ly defend­ed on the Tai­wan issue: Biden

You may like this video also

Exit mobile version