Site icon Janayugom Online

പ്രകോപനം സൃഷ്ടിച്ച് ദോക്‌ലാമിന് സമീപം വീണ്ടും ചൈനീസ് കടന്നുയറ്റം; ആശങ്കയോടെ ഇന്ത്യന്‍ സൈന്യം

ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനശ്രമവുമായി അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം. ‌ഭൂട്ടാനിലെ അമോചു നദീതടത്തില്‍ ചൈനീസ് നിര്‍മ്മിതികള്‍ കണ്ടെത്തിതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈന നടത്തുന്ന നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ സൈന്യം കുടുത്ത ആശങ്കയിലാണ്.
തന്ത്രപ്രധാനമായ ദോക്‌ലാം പീഠഭൂമിക്ക് അരികിലൂടെയാണ് അമോചു ഒഴുകുന്നത്. ഇന്ത്യയുടെ സിലിഗുരി ഇടനാഴിക്ക് നേര്‍രേഖയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യ‑ചൈന ഭൂട്ടാന്‍ ദോക്‌ലാം ട്രൈ-ജങ്ഷനില്‍ നിന്ന് അല്പം അകലെയാണ് ഇത്. 2017ല്‍ ബീജിങ്ങിന്റെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക തര്‍ക്കം നിലനിന്നിരുന്നു. 

ചൈനീസ് സൈനിക ഗ്രാമമാണ് നിര്‍മ്മാണത്തിലുള്ളതെന്നാണ് സൂചന. സൈനികര്‍ക്ക് താമസിക്കാന്‍ 1000 സ്ഥിരം സംവിധാനങ്ങളും നിരവധി താല്‍ക്കാലിക ഷെഡ്ഡുകളും സമീപകാലങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. നേരത്തെ ദോക്‌ലാമില്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ശക്തമായ തിരിച്ചടിനേരിട്ട ശേഷം പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഇന്ത്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഒരു ബദല്‍ അച്ചുതണ്ടിലൂടെചൈന ശ്രമിക്കുകയാണ്.
2017ന് മുമ്പ് പ്രദേശവുമായി ചൈനയ്ക്കോ, ഭൂട്ടാന്‍ സൈന്യത്തിനോ ഒരു ബന്ധവുമില്ലയാരുന്നു. എന്നാല്‍ ഭൂട്ടാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ചരിത്രം അങ്ങനെയാണെന്നും ചൈന പറയുന്നു. ഭൂട്ടാന്‍, സിക്കിം, ലഡാക്ക് എന്നിവ ഏകീകൃത ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് 1960ല്‍ ചൈനീസ് സര്‍ക്കാര്‍ ഒരു പ്രസ്താവന ഇറക്കിയിരുന്നു. 

ചൈനയുടെ ഇത്തരം സൈനിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയായാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ദോക്‌ലാമിന്റെ പടിഞ്ഞാറ് ഭാഗത്ത് ചൈനയുടെ നിയന്ത്രണത്തിലുള്ള ഭൂട്ടാൻ പ്രദേശത്ത് നടക്കുന്ന ഏതൊരു പ്രവർത്തനവും ഇന്ത്യയുടെ സുരക്ഷാ താല്പര്യങ്ങൾക്ക് ഭീഷണിയാകുമെന്ന് സൈനികര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. ദോക്‌ലാം പീഠഭൂമിയുടെ നിയന്ത്രണം ചൈനയ്ക്ക് തന്ത്രപരമായ നേട്ടങ്ങൾ നൽകുമെന്നും വിലയിരുത്തലുണ്ട്. ഭൂട്ടാനും, സിക്കിമിനും ഇടയിലെ ചുംബി താഴ്‍വരയില്‍ ഇന്ത്യന്‍സൈന്യത്തിന്റെ സാന്നിധ്യം ഉണ്ട്.
1967ൽ, സിക്കിമിലെ നാഥു ലാ, ചോ ലാ പർവതപാതകളിലെ ഇന്ത്യ‑ചൈന ഏറ്റുമുട്ടലിനുശേഷം, സിക്കിമിലെ ഡോങ്ക്യ പർവതനിരകളിലെ ഇന്ത്യൻ അതിർത്തി നിർണയത്തെ ചൈനീസ് സൈന്യം ചോദ്യം ചെയ്തു വന്നിരുന്നു. ഇന്ത്യൻ സൈന്യം പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്നതു മുതൽ ഏറ്റുമുട്ടലിൽ നിരവധി ചൈനീസ് കോട്ടകൾ നശിപ്പിക്കപ്പെട്ടു. ഇപ്പോഴും ചുംബിയിൽ ചൈനീസ് സൈന്യം ദുർബലമാണെന്ന് കരുതപ്പെടുന്നു. ഇന്ത്യൻ, ഭൂട്ടാൻ സൈന്യമാണ് താഴ്‍വരയ്ക്ക് ചുറ്റുമുള്ള ഉയരങ്ങൾ നിയന്ത്രിക്കുന്നത്. ഹാ ജില്ലയിലെ ഇന്ത്യയുടെ സൈനികശേഷിയെ സംബന്ധിച്ച് കരസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. ആ യോഗത്തില്‍ ചൈനീസ് സൈന്യത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരാമര്‍ശിക്കപ്പെട്ടു.

ചൈന പുതിയ ഗ്രാമങ്ങൾ നിർമ്മിക്കുന്ന തർക്ക പ്രദേശങ്ങളുടെ കിഴക്കാണ് ഹാ ജില്ല. ചൈന അനധികൃതമായി കൈവശപ്പെടുത്തിയതായി ഇന്ത്യ കരുതുന്ന ദോക്‌ലാം പീഠഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ചൈനക്കും വ്യക്തമായ അഭിപ്രായമുണ്ടാകണമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിങ് പറഞ്ഞിരുന്നു. ഭൂട്ടാൻ‑ചൈന അതിർത്തി തർക്കം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ചകൾ ഏറെ മുന്നോട്ട് പോയതായി ബെൽജിയൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ഷെറിങ് പറയുന്നു.

Eng­lish Sum­ma­ry: Chi­na’s con­struc­tion activ­i­ties near Dok­lam; The Indi­an Army is very worried

You may also like this video:

Exit mobile version