Site iconSite icon Janayugom Online

പാംഗോങ് തടാക തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയമെന്ന് റിപ്പോര്‍ട്ട്; ഉപഗ്രഹ ചിത്രങ്ങള്‍

പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ വ്യോമപ്രതിരോധ സമുച്ചയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. 2020‑ല്‍ ഇന്ത്യയും ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പ്രധാന പോയന്റുകളില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ അകലെയായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ആയുധ സംഭരണശാലകള്‍, റഡാര്‍ സ്ഥാനങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കെട്ടിടങ്ങള്‍, ബാരക്കുകള്‍, വാഹന ഷെഡുകള്‍ എന്നിവയുള്‍പ്പെടുന്നതാണ് വ്യോമപ്രതിരോധ സമുച്ചയമെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍, മിസൈലുകള്‍ വഹിക്കാനും ഉയര്‍ത്താനും വിക്ഷേപിക്കാനും കഴിവുള്ള ട്രാന്‍സ്പോര്‍ട്ടര്‍ ഇറക്ടര്‍ ലോഞ്ചര്‍ (TEL) വാഹനങ്ങള്‍ക്കായി നീക്കാവുന്ന മേല്‍ക്കൂരകളോടുകൂടിയ, പൂര്‍ണമായും മൂടിയ മിസൈല്‍ വിക്ഷേപണ സ്ഥാനങ്ങളാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഇതാണ് ഈ കെട്ടിട സമുച്ചയത്തിന്റെ ഏറ്റവും സുപ്രധാനമായ സവിശേഷത. സുരക്ഷിത ഷെല്‍ട്ടറുകള്‍ക്ക് ചൈനയുടെ ദീര്‍ഘദൂര എച്ച്ക്യു-9 സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ (SAM) സംവിധാനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനും ഒളിത്താവളം ഒരുക്കാനും കഴിയുമെന്ന് ഇന്റലിജന്‍സ് അനലിസ്റ്റുകള്‍ അറിയിച്ചു. 

യുഎസ് ആസ്ഥാനമായുള്ള ജിയോ-ഇന്റലിജന്‍സ് സ്ഥാപനമായ ഓള്‍സോഴ്‌സ് അനാലിസിസിലെ ഗവേഷകരാണ് ഈ നിര്‍മാണം ആദ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യയുടെ പുതുതായി നവീകരിച്ച ന്യോമ എയര്‍ഫീല്‍ഡിന് നേരെ എതിര്‍വശത്തായി യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (LAC) നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഗാര്‍ കൗണ്ടിയില്‍ ഈ സമുച്ചയത്തിന്റെ ഒരു പകര്‍പ്പ് കണ്ടെത്തിയത്. 

യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ ഇന്റലിജന്‍സ് കമ്പനിയായ വാന്റോറില്‍ നിന്നുള്ള സ്വതന്ത്ര ഉപഗ്രഹ ചിത്രങ്ങള്‍ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്ക് മുകളില്‍ നീക്കാവുന്ന മേല്‍ക്കൂരകളുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ഓരോ വിക്ഷേപണ കേന്ദ്രത്തിലും രണ്ട് വാഹനങ്ങളെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ 29‑ലെ വാന്റോര്‍ ഉപഗ്രഹ ചിത്രങ്ങളില്‍, ഗാര്‍ കൗണ്ടിയിലെ അത്തരത്തിലുള്ള ഒരു വിക്ഷേപണ കേന്ദ്രത്തിന്റെ മേല്‍ക്കൂര തുറന്നിരിക്കുന്നതായി കാണാന്‍ കഴിയും. ഇത് അടിയിലുള്ള ലോഞ്ചറുകളെ വെളിപ്പെടുത്തുന്നതായാണ് വിദഗ്ധരുടെ നിഗമനം.

Exit mobile version