Site iconSite icon Janayugom Online

ട്രംപിന്റെ പ്രതികാര തീരുവ തള്ളി ചൈനയുടെ വ്യാപാര മിച്ചം റെക്കോഡില്‍

യുഎസ് പ്രതികാര തീരുവയില്‍ തളരാതെ 2025ലെ വ്യാപാര മിച്ചത്തില്‍ റെക്കോഡിട്ട് ചൈന. 1.2 ട്രില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചത്തോടെയാണ് കയറ്റുമതിരംഗത്തെ തുടര്‍ച്ചയായ വളര്‍ച്ച ചൈന രേഖപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി രംഗത്ത് ഡിസംബറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.6 % വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് കസ്റ്റംസ് രേഖകള്‍. ഒക്ടോബറിലെ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം നവംബറിലും ഡിസംബറിലും ചൈനയുടെ കയറ്റുമതി വളര്‍ച്ചയിലേക്ക് കുതിക്കുകയാണ്. ബ്ലൂംബര്‍ഗ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സര്‍വെയില്‍ 3.1% വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ഡിസംബറില്‍ മാത്രം 114 ബില്യണ്‍ ഡോളറിന്റെ വ്യാപാരമിച്ചമുണ്ടാക്കി. ഇത് ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു. ഒരു വര്‍ഷത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20% അധിക വ്യാപാരമിച്ചമാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസുമായുള്ള വ്യാപാരം ദുര്‍ബലമായതോടെ, തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ കയറ്റുമതി വിപണികളില്‍ ചൈന നടത്തിയ വൈവിധ്യവല്‍ക്കരണം വിജയിച്ചുവെന്ന സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

നവംബറില്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ചൈനയുടെ കയറ്റുമതി 15% വര്‍ധിച്ചപ്പോള്‍ ആഫ്രിക്കയിലേക്കുള്ള കയറ്റുമതി 28ശതമാനമാണ് വര്‍ധിച്ചു. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫുകള്‍ കാരണം യുഎസിലേക്കുള്ള കയറ്റുമതിയിലെ ഇടിവ് നികത്താന്‍ ഈ വളര്‍ച്ച സഹായിച്ചു. ഈ വര്‍ഷം ചൈനയുടെ വ്യാപാര മിച്ചം കൂടുതല്‍ വര്‍ധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യാപാര റൂട്ടിങ്, വര്‍ധിച്ചുവരുന്ന വില മത്സരശേഷി എന്നിവ കാരണം കയറ്റുമതി സ്ഥിരതയുള്ളതായി തുടരുമെന്നുമാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 

Exit mobile version