Site iconSite icon Janayugom Online

ട്രംപിന്റെ വ്യാപാര വെല്ലുവിളിക്കെതിരെ ചൈനയുടെ യുദ്ധം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 104 ശതമാനം തീരുവയ്ക്കെതിരെ തിരിച്ചടിച്ച് ചെെന. എല്ലാ അമേരിക്കന്‍ ഉല്പന്നങ്ങളുടെയും ഇറക്കുമതി ചുങ്കം 84 ശതമാനമായി വര്‍ധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് ചെെനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ ഉല്പന്നങ്ങൾക്ക് 34 ശതമാനം പ്രതികാരത്തീരുവ ചെെന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
12 യുഎസ് സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉള്‍പ്പെടുത്തിയതായും ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചതായും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക, വ്യാപാര നിയന്ത്രണങ്ങൾ കൂടുതൽ വർധിപ്പിക്കാൻ യുഎസ് നിർബന്ധിച്ചാൽ, ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും അവസാനം വരെ പോരാടാനുമുള്ള ഇച്ഛാശക്തി ചെെനയ്ക്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചെെനയുടെ പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. സെൻസെക്സ് 379.93 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ്‌ 73,847.15ലും നിഫ്റ്റി 136.70 പോയിന്റ് അഥവാ 0.61 ശതമാനം ഇടിഞ്ഞ്‌ 22,399.15ലും ക്ലോസ് ചെയ്തു.

ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. പുതിയ തീരുവ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. 34 ശതമാനമായിരുന്നു ആദ്യം ചെെനയ്ക്കെതിരെ ചുമത്തിയ തീരുവ. യുഎസ് ഉല്പന്നങ്ങള്‍ക്കും സമാന നിരക്കില്‍ തീരുവ പ്രഖ്യാപിച്ച് ചെെന അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇലക്ട്രിക് വാഹന ബാറ്ററികൾ തുടങ്ങിയ ഹൈടെക് ഉല്പന്നങ്ങളിൽ ഉപയോഗിക്കുന്ന അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കുമെന്നും ചെെന അറിയിച്ചു. ഇതോടെയാണ് ചെെനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമായി ട്രംപ് വര്‍ധിപ്പിച്ചത്. മുമ്പ് ചുമത്തിയ 20 ശതമാനത്തിനും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനത്തിനുമൊപ്പം 50 ശതമാനം കൂടി അധികമായി ചുമത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം അതിഗുരുതരമായ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നാണ് വിദഗ‍്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

Exit mobile version