Site iconSite icon Janayugom Online

പാംഗോങിൽ ചൈനീസ് പാലം ഗല്‍വാനില്‍ ചൈനീസ് സൈന്യം പതാക ഉയർത്തി

കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിൽ ചൈനീസ് സൈന്യം പാലം നിർമ്മിച്ചതായി റിപ്പോര്‍ട്ട്. ജിയോ ഇന്റലിജൻസ്​ വിദഗ്​ധൻ ഡാമിയൻ സൈമൻ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഇത് വ്യക്തമായിട്ടുള്ളത്. ചൈനയുടെ അതിർത്തിക്കുള്ളിൽ വരുന്ന ഖുർനാക്കിലെ ഇടുങ്ങിയ പ്രദേശത്താണ് പാലം നിർമ്മിക്കുന്നത്. തടാകത്തിന് കുറുകെ നിർമ്മിക്കുന്ന പാലം ഇരുകരകളെയും ബന്ധിപ്പിക്കുന്നതാണ്. 

അവശ്യഘട്ടങ്ങളിൽ സൈനികരെയും ആയുധങ്ങളെയും വേഗത്തിൽ ഇപ്പുറത്ത്​ എത്തിക്കാൻ പാലം ചൈനയ്ക്ക് സഹായകമാകും. നേരത്തെ ഖുർനാക്കിൽ നിന്ന് റുഡോക്കിലേക്കുള്ള ദൂരം 200 കിലോമീറ്റർ ആയിരുന്നെങ്കിൽ പാലം വരുന്നതോടെ ഇത് 40 മുതൽ 50 കിലോമീറ്ററായി ചുരുങ്ങും. പാലം വരുന്നതോടെ തർക്ക പ്രദേശത്തേക്ക് കൂടുതൽ സൈനികരെ എത്തിക്കാൻ ചൈനയ്ക് ഒന്നിലധികം റൂട്ടുകൾ ലഭിക്കും. 

കഴിഞ്ഞ വർഷം, ഇന്ത്യൻ സൈന്യം പാംഗോങ് തടാകത്തിന്റെ തെക്കേ കരയിലെ പ്രധാന ഭാഗമായ കൈലാഷ് പർവതനിരയിലേക്ക് നീങ്ങിയിരുന്നു. അതുവഴി ഈ പ്രദേശത്ത് ചൈനീസ് സേനയ്ക്ക് മുൻതൂക്കം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് പതാക ഉയർത്തിയെന്ന അവകാശവാദവുമായി ഔദ്യോഗിക ചൈനീസ് മാധ്യമം ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടു. എന്നാൽ ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളിലാണ് പതാക ഉയർത്തിയിരിക്കുന്നതെന്നും സൈനികരഹിത മേഖല എന്ന കരാറിനെ ലംഘിക്കുന്നില്ലെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു. 

2022ലെ പുതുവത്സര ദിനത്തിൽ ഗൽവാൻ താഴ്‌വരയിൽ ചൈനയുടെ ദേശീയ പതാക ഉയരുന്നു എന്ന് വീഡിയോയിലും ട്വീറ്റിലും പറയുന്നുണ്ട്. ഈ പതാകയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നും ഇത് ഒരിക്കൽ ബെയ്ജിങിലെ ടിയാനൻമെൻ സ്‌ക്വയറിനു മുകളിൽ ഉയർത്തിയ പതാകയാണെന്നും ട്വീറ്റിൽ അവകാശപ്പെടുന്നു. അടുത്തിടെ അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങള്‍ക്ക് ചൈന പേരിട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യ‑ചൈന ബന്ധം വീണ്ടും വഷളായിരുന്നു. 

ENGLISH SUMMARY:Chinese bridge at Pan­gong The Chi­nese army hoist­ed the flag at Galvan
You may also like this video

Exit mobile version