ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണം ആഗോള പ്രത്യാഘാതങ്ങളിലേക്ക് നീങ്ങുന്നു. ഇറാനിൽ തങ്ങളുടെ ഒരു പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് സ്ഥിരീകരിച്ചു. മേഖലയിൽ സൈനിക നടപടികൾ ഉടനടി നിർത്തണമെന്നും നയതന്ത്ര ചർച്ചകൾ ആരംഭിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അനുമതിയില്ലാതെ അമേരിക്കയും ഇസ്രായേലും നടത്തുന്ന ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.
ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ‑ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ചൈനയുടെ ഈ ശക്തമായ പ്രതികരണം. അയൽ രാജ്യങ്ങളിലേക്ക് പടരുന്ന ഈ സംഘർഷത്തിൽ തങ്ങൾക്ക് ആഴത്തിലുള്ള ആശങ്കയുണ്ടെന്നും മാവോ നിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, ബഹ്‌റൈനിൽ അമേരിക്കൻ പൗരന്മാർക്ക് നേരെ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകി. മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്ന പൗരന്മാരോട് ഉടനടി ഒഴിഞ്ഞുപോരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കക്കാരെ ലക്ഷ്യമിട്ട് തീവ്രവാദ ഗ്രൂപ്പുകൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായാണ് രഹസ്യാന്വേഷണ വിവരം. ഗൾഫ് മേഖലയിലുടനീളം യുഎസ് പൗരന്മാരും സൈനിക കേന്ദ്രങ്ങളും അതീവ ജാഗ്രതയിലാണ്.

