Site icon Janayugom Online

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇരുപതാം കോൺഗ്രസിന്‌ ബെയ്ജിങ്ങില്‍ ഇന്ന് തുടക്കമാകും. 22ന് അവസാനിക്കും. പാർട്ടി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള അജണ്ടകളുമായാണ് സമ്മേളനം ചേരുക. 9.6 കോടി അംഗങ്ങളെ പ്രതിനിധാനം ചെയ്‌ത്‌ 2926 പേര്‍ പങ്കെടുക്കും. ഏഴുദിവസത്തെ സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട്‌, അച്ചടക്ക സമിതി റിപ്പോർട്ട്‌ എന്നിവ അവതരിപ്പിക്കും. പാർട്ടിയുടെയും ഷി ജിൻപിങ്‌ സർക്കാരിന്റെയും പ്രവർത്തനം അവലോകനം ചെയ്യും. 19-ാം കോൺഗ്രസിനുശേഷം ചൈനയിലുണ്ടായ പ്രധാന സംഭവങ്ങളുടെ നാൾവഴി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഗ്രേറ്റ്‌ ഹാൾ ഓഫ്‌ പീപ്പിളിൽ തുടങ്ങുന്ന കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യും. 

69 കാരനായ ഷി ജിന്‍പിങ് തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും. പ്രതിനിധികളില്‍ നിന്ന് 200 അംഗ കേന്ദ്ര കമ്മിറ്റിയേയും 25 അംഗ പോളിറ്റ് ബ്യൂറോയേയും കോണ്‍ഗ്രസ് തെരഞ്ഞെടുക്കും. ചൈനയില്‍ ഏറ്റവും കൂടുതല്‍ അധികാരങ്ങളുള്ള ഉന്നതാധികാര സമിതിയാണ് പോളിറ്റ് ബ്യൂറോ. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് യോഗം ചേരുക. പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും രണ്ട് ദിവസം മുമ്പ് തന്നെ നിരീക്ഷണത്തിലാക്കിയിരുന്നു. 

Eng­lish Summary:Chinese Com­mu­nist Par­ty Con­gress begins today
You may also like this video

Exit mobile version