Site iconSite icon Janayugom Online

10 കോടി അംഗങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

10 കോടി പിന്നിട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) അംഗസംഖ്യ. പാര്‍ട്ടിയുടെ 104-ാം വാര്‍ഷികത്തിന് മുന്നോടിയായി സിസിപി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തോടെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 100.27 ദശലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം 2023ല്‍ 1.2 ഉം 2021ല്‍ 3.7 ഉം 2022ല്‍ 1.4 ശതമാനം വര്‍ധനവുമാണ് പാര്‍ട്ടി അംഗസംഖ്യയില്‍ ഉണ്ടായിരുന്നത്. ചൈനീസ് പ്രസിഡന്റും സിസിപിയുടെ ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ് പാര്‍ട്ടി അംഗസംഖ്യയ്ക്കുപരി നിലവാരത്തിന് ഊന്നല്‍ നല്‍കിയതോടെ സിസിപിയുടെ വളര്‍ച്ച മന്ദഗതിയിലേക്ക് വഴിമാറിയിരുന്നു. 

2012ല്‍ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ ഉന്നമനത്തിനായി ഷി ജിന്‍പിങ് നടപടികള്‍ കൈക്കൊണ്ടുവന്നത്. രാജ്യത്ത് നിന്നും അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അധികാരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയിലേക്ക് 10 ശതമാനം നിരക്കില്‍ മാത്രമാണ് ഓരോ വര്‍ഷവും പുതിയ അംഗങ്ങളെ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യം 30.9 ശതമാനമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023ല്‍ ഇത് 30. 4 ഉം, 22ല്‍ 29.4 ശതമാനവുമായിരുന്നു. 

Exit mobile version