Site icon Janayugom Online

അരുണാചലില്‍ വീണ്ടും ചൈനീസ് നിര്‍മ്മാണം

അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയില്‍ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് സൈന്യം. റോഡ്, റയില്‍, വ്യോമ ഗതാഗത സംവിധാനങ്ങളെല്ലാം അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അരുണാചല്‍ പ്രദേശുമായി ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ ചൈന നടത്തുന്നുണ്ടെന്ന് കിഴക്കന്‍ കമാന്‍‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍‍ഡ് ഇന്‍ ചീഫ് ലെഫ്. ജനറല്‍ ആര്‍ പി കലിത പറഞ്ഞു. 5ജി മൊബൈല്‍ ശൃംഖലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇത് ആദ്യമായല്ല അരുണാചല്‍ പ്രദേശിന് സമീപം ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അറുപതോളം കെട്ടിടങ്ങള്‍ പ്രദേശത്ത് നിര്‍മ്മിച്ചിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നവംബറില്‍ പുറത്തുവിട്ടിരുന്നു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കുള്ളില്‍ നൂറോളം വീടുകളുള്ള ഒരു ഗ്രാമം നിര്‍മ്മിച്ചതിന്റെ ഉപഗ്രഹചിത്രം ജനുവരിയില്‍ പുറത്തുവന്നിരുന്നു. ഇത് 4.5 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ്.

കഴിഞ്ഞ വര്‍ഷം നിരവധി സൈനികാഭ്യാസങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ചൈനീസ് നടപടിയെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി കലിത പറഞ്ഞു.

കിഴക്കന്‍ അതിര്‍ത്തിയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിവും ബുദ്ധിയും ഉപയോഗിച്ച് ഇവയെ ചെറുക്കുന്നുണ്ടെങ്കിലും അതിര്‍ത്തി നിര്‍ണയത്തിന് പോരായ്മകള്‍ ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വടക്ക് കിഴക്ക് മേഖലയും ടിബറ്റും തമ്മില്‍ വേര്‍തിരിക്കുന്ന മന്‍മോഹന്‍ ലൈനിലാണ് ഈ പ്രശ്നങ്ങള്‍ ഏറെയുള്ളത്. ചൈനയുമായുള്ള അതിര്‍ത്തിയായാണ് ഇന്ത്യ ഇതിനെ പരിഗണിക്കുന്നത് എന്നാല്‍ ബെയ്ജിങ് ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടുമില്ല.

Eng­lish summary;Chinese con­struc­tion again in Arunachal Pradesh
You may also like this video;

Exit mobile version