ഷാങ്ഹായില്‍ റസ്റ്ററന്റില്‍ വെച്ച് സൂപ്പില്‍ കൗമാരക്കാര്‍ മൂത്രമൊഴിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി. രണ്ട് കാറ്ററിംങ് കമ്പനികള്‍ക്കായി 2.2 മില്ല്യണ്‍ യുവാന്‍ (ഏകദേശം 2.7 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി. ഇത് ഇവരുടെ മാതാപിക്കളാണ് നല്‍കേണ്ടത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 24നാണ് സംഭവം നടന്നത്. ഹൈദിലാവോ റെസ്റ്ററന്റിലെ ഒരു സ്വകാര്യറൂമില്‍ ഹോട്ട്‌പോട്ട് സൂപ്പിലേക്ക് രണ്ടുപേര്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ആണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്.
17-വയസ്സുകാരായ രണ്ടു പേർ മദ്യപിച്ചാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.ഫെബ്രുവരി 24 നാണ് സംഭവം നടക്കുന്നത്. എന്നാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് തങ്ങള്‍ക്ക് ഇക്കാര്യം അറിയാനായതെന്നാണ് റെസ്റ്ററന്റ് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചത്. ചൈനയിലെ ഏറ്റവും വലിയ ഹോട്ട്പോട്ട് ശൃംഖലയാണ് ഹൈദിലാവോ. ഷാങ്ഹായില്‍ തന്നെ ഹൈദിലാവോയ്ക്ക് പന്ത്രണ്ടോളം ശാഖകളുണ്ട്. ഹോട്ട്‌പോട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സ്വയം പാകം ചെയ്യുന്ന രീതിയാണ് ഹൈദിലാവോയിലേത്.
ഒരാള്‍ പാകം ചെയ്ത ഭക്ഷണം മറ്റൊരു ഉപഭോക്താവിന് നല്‍കാറില്ല. അതേസമയം മൂത്രമൊഴിച്ച ഹോട്ട്‌പോട്ട് അടുത്ത ഉപഭോക്താവ് ഉപയോഗിക്കുന്നതിന് മുമ്പ് ശുചീകരണം നടത്തിയിരുന്നോ എന്നത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.എന്നാല്‍ സംഭവം തിരിച്ചറിഞ്ഞ ശേഷം എല്ലാ ഹോട്ട്പോട്ട് ഉപകരണങ്ങളും ഡൈനിംഗ് പാത്രങ്ങളും മാറ്റിസ്ഥാപിച്ചതായും മറ്റ് പാത്രങ്ങള്‍ അണുവിമുക്തമാക്കിയതായും വ്യക്തമാക്കിയ ഹൈദിലാവോ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചിരുന്നു.
കൂടാതെ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് എട്ടുവരെ ഈ ശാഖയില്‍നിന്ന് ഭക്ഷണം കഴിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പണം തിരികെ നല്‍കുകയും അതിനൊപ്പം അവര്‍ ബില്‍ ചെയ്ത തുകയുടെ പത്ത് ഇരട്ടി പണം നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യുമെന്ന് ഹൈദിലാവോ അറിയിച്ചു. ഇത്തരത്തില്‍ നാലായിരത്തിലധികം ഉപഭോക്താക്കള്‍ക്ക് ഹൈദിലാവോ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

