Site iconSite icon Janayugom Online

ചൈനീസ് പ്രതിനിധി സംഘം എംഎൻ സ്മാരകത്തിൽ

ലോകത്ത് തന്നെ ആദ്യമായി 1957 ൽ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായുള്ള സൗഹൃദം പങ്കുവയ്ക്കാനുമായി ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധികൾ സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം സന്ദർശിച്ചു.

ഹെമെങ്, ഷൗ ഗുവോഹി, ഗുവോ ഡോങ് ഡോങ് എന്നിവരെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബു പൂച്ചെണ്ട് നൽകിയും പാർട്ടി ദേശീയ കൗൺസിൽ അംഗവും മന്ത്രിയുമായ ജി ആർ അനിൽ ഷാൾ അണിയിച്ചും സ്വീകരിച്ചു. സംസ്ഥാന കൗൺസിലിന്റെ പ്രത്യേക ഉപഹാരവും പ്രതിനിധികൾക്ക് ഇരുവരും ചേർന്ന് നൽകി.

ചൈനീസ് ഭരണത്തെ കുറിച്ച് പ്രസിഡന്റ്‌ ഷീ ജിങ് പിങ് രചിച്ച പുസ്തകം പ്രകാശ് ബാബുവിന് സംഘം സമ്മാനിച്ചു. കേരളത്തിന്റെ ഭൂപരിഷ്കരണം, സമ്പൂർണ സാക്ഷരത, പൊതുവിതരണ സമ്പ്രദായം, കാർഷിക പുരോഗതി, പട്ടയവിതരണം, ഭവന നിർമ്മാണം, ആയുർദൈർഘ്യം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ സംസ്ഥാനം കൈവരിച്ച വൻ പുരോഗതികളും പ്രകാശ് ബാബുവും ജി ആർ അനിലും പ്രതിനിധി സംഘത്തോട് വിശദീകരിച്ചു.

സംസ്ഥാനം അതിദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനത്തിലേക്ക് പ്രവേശിക്കുകയാണ്. പട്ടിണി പൂർണമായില്ലാതാക്കാൻ കഴിഞ്ഞു. എല്ലാ കുടുംബങ്ങൾക്കും പാർപ്പിടം എന്നതും യാഥാർഥ്യത്തിലേക്കെത്തിയെന്ന് പ്രതിനിധികളോട് പ്രകാശ്ബാബു വിശദീകരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും വികസനത്തിലെ ജനകീയ പങ്കാളിത്തവും ജന പിന്തുണയുമെല്ലാം അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണെന്ന് പ്രതിനിധി സംഘം പറഞ്ഞു.

Exit mobile version