Site iconSite icon Janayugom Online

ചരിത്ര പ്രമേയം പാസാക്കി ചൈനീസ് പാര്‍ട്ടി പ്ലീനം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നൂറ്റാണ്ട് ചരിത്രത്തിലെ മൂന്നാമത്തെ ‘ചരിത്ര പ്രാധാന്യമുള്ള പ്രമേയം’ പാസാക്കി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നാലുദിന പ്ലീനം സമാപിച്ചു. പാര്‍ട്ടിയുടെ എക്കാലത്തെയും സമുന്നത നേതാക്കളായിരുന്ന മാവോ സെഡോങ്, ഡെങ് സിയാവോപിങ് എന്നിവരുടെ നിരയിലേക്ക് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ പ്രതിഷ്ഠിക്കുന്നതാണ് പ്രമേയം എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍ പിങ്ങിന് മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ വഴിയൊരുക്കുന്ന പ്രമേയമാണ് പ്ലീനം പാസാക്കിയതെന്നും വിലയിരുത്തപ്പെടുന്നു. 

കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈവരിച്ച നേട്ടങ്ങളെയും ചരിത്രപരമായ അനുഭവങ്ങളെയും വിശദീകരിക്കുന്ന പ്രമേയം ഷിയുടെ നേതൃത്വത്തെ പ്രകീര്‍ത്തിക്കുകയും ആധുനിക ചൈനയുടെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ കേന്ദ്രസ്ഥാനം ദൃഢതയോടെ ഉറപ്പിക്കുകയും ചെയ്യുന്നു. ഷിയുടെ നേതൃത്വത്തിന്റെ കേന്ദ്രപദവി ഉറപ്പിക്കുന്ന പ്രമേയം അത് അചഞ്ചലമായി ഉയര്‍ത്തിപ്പിടിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാനും പാര്‍ട്ടി അംഗങ്ങളെ ആഹ്വാനം ചെയ്തു.

1945 ല്‍ മാവോ ചിന്തയെ കേന്ദ്ര പ്രത്യയശാസ്ത്രമായി അംഗീകരിക്കുന്ന പ്രമേയം പാസാക്കിക്കൊണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും വേറിട്ട പാത അവലംബിച്ചിരുന്നു. 1981 ല്‍ മാവോയിസത്തിന്റെ സ്വാധീനത്തില്‍ നടന്ന മുന്നോട്ടുള്ള മഹത്തായ കുതിപ്പിനെയും സാംസ്കാരിക വിപ്ലവമടക്കമുള്ള അതിക്രമങ്ങളെയും തള്ളി ഡെങ് സിയാവോപിങിന്റെ നേതൃത്വത്തില്‍ മറ്റൊരു പ്രമേയം പാര്‍ട്ടി അംഗീകരിച്ചിരുന്നു. ചരിത്രപ്രധാന്യമുള്ള ആ രണ്ട് പ്രമേയങ്ങളുടെ സവിശേഷ പദവിയാണ് ഇപ്പോഴത്തെ പ്രമേയത്തിന് നിരീക്ഷകര്‍ കല്പിച്ചു നല്കുന്നത്.‘ചൈനീസ് സവിശേഷതകളോടു കൂടിയ പുതുയുഗത്തിനായുള്ള ഷി ജിന്‍ പിങ്ങിന്റെ സോഷ്യലിസ്റ്റ് ചിന്തകള്‍‘ക്ക് പ്രമേയം അടിവരയിടുന്നു.

Eng­lish Sum­ma­ry : chi­nese par­ty pleenum 

You may also like this video :

Exit mobile version