Site icon Janayugom Online

ഇന്ത്യന്‍ സമുദ്രതീരത്ത് വീണ്ടും ചൈനീസ് ചാരക്കപ്പല്‍

അത്യാധുനിക മിസൈല്‍ പരീക്ഷണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍ടോട്ടയില്‍ നങ്കൂരമിട്ട ചൈനീസ് ചാരക്കപ്പലിന് സമാനമായ കപ്പലാണ് വീണ്ടും വിന്യസിച്ചിരിക്കുന്നത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനങ്ങളും നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ചൈനയുടെ ചാരക്കപ്പലുകളെ സജ്ജീകരിച്ചിരിക്കുന്നത്.

യുവാന്‍ വാങ് 6 എന്ന ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ സമുദ്രം കടന്ന് ബാലി തീരത്തേയ്ക്ക് നീങ്ങുന്നതായാണ് കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ മറൈന്‍ ട്രാഫിക്ക് നല്‍കുന്ന വിവരം. ഈ മാസം 10,11 തീയതികളില്‍ 2,200 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഒഡിഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടത്തുക. മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ മേഖലയ്ക്കും ഇന്തോനേഷ്യയുടെ കിഴക്കന്‍ മേഖലയ്ക്കും ഇടയ്ക്കുള്ള പ്രദേശം അടച്ചിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ചാരക്കപ്പല്‍ വിന്യസിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Chi­nese spy ship again in Indi­an Ocean
You may also like this video

Exit mobile version