ഇന്ത്യയുടെ തുടര്‍ച്ചയായ മുന്നറിയിപ്പും ആശങ്കയും മറികടന്ന് ചൈനീസ് നിരീക്ഷണ കപ്പല്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് നങ്കൂരമിട്ടു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള യുവാൻ വാങ് 5 കപ്പല്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ചൈനീസ് നിയന്ത്രണത്തിലുള്ള തുറമുഖത്തെത്തിയത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയും ചൈനയുടെ നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ തുറമുഖമന്ത്രി നിർമൽ പി സിൽവ പറഞ്ഞു. ഈ മാസം 11ന് കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടര്‍ന്ന് കപ്പലിന്റെ പ്രവേശനാനുമതി നീട്ടുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ നീക്കത്തെ നീതികരിക്കാനാകാത്ത നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്. സമുദ്രമേഖലയിലെ രക്ഷാ പ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഏറെ കാര്യക്ഷമമായ ഡോണിയര്‍ 228 വിമാനം ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ചൈനീസ് കപ്പലിന് പ്രവേശനാനുമതി നല്‍കിയത്.
കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ് 5. ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് സാധനങ്ങളുടെ വിതരണത്തിനുമായാണ് കപ്പല്‍ ശ്രീലങ്കയിലെത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് ബന്ദൂല ഗുണവര്‍ധന പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കും തുല്യ പ്രധാന്യമാണെന്നും ഇതേ തുറമുഖ സംവിധാനങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിലെ സ്വതന്ത്രര്‍ ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്ന എംപിമാര്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പങ്കെടുത്തു. ചൈനയുമായുള്ള സൗഹൃദം ദീര്‍ഘകാലം നിലനില്‍ക്കട്ടെ എന്നെഴുതിയ ഭീമന്‍ ബാനറും ചടങ്ങില്‍ ഉയര്‍ത്തിയിരുന്നു.
English Summary: Chinese spy ship in Sri Lankan port
You may also like this video