ചലച്ചിത്ര രംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ചും (കാസ്റ്റിങ് കൗച്ച്) തൊഴിലിടത്തെ സുരക്ഷയെക്കുറിച്ചുമുള്ള തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പരാമർശം വലിയ വിവാദമാകുന്നു. ചിരഞ്ജീവിയുടെ പുതിയ ചിത്രം ‘മന ശങ്കര വരപ്രസാദ ഗാരു’ എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. സിനിമയിൽ കാസ്റ്റിങ് കൗച്ച് എന്നൊന്നില്ലെന്നും എല്ലാം ഓരോരുത്തരുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. ഇതിനെതിരെ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ രംഗത്തെത്തി.
സിനിമാ വ്യവസായം ഒരു കണ്ണാടി പോലെയാണെന്നും നമ്മൾ നൽകുന്നത് എന്താണോ അത് തിരികെ ലഭിക്കുമെന്നും ചിരഞ്ജീവി ചടങ്ങിൽ പറഞ്ഞു. “നിങ്ങൾ പ്രൊഫഷണലായി പെരുമാറിയാൽ മറ്റുള്ളവരും പ്രൊഫഷണലായി പെരുമാറും. ആർക്കെങ്കിലും ഇവിടെ കയ്പ്പേറിയ അനുഭവങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അത് അവരുടെ തന്നെ തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഗൗരവത്തോടെയും കർക്കശമായും പെരുമാറിയാൽ ആരും ചൂഷണം ചെയ്യാൻ ശ്രമിക്കില്ല. ധൈര്യത്തോടെയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സോടെയും ആർക്കും ഈ രംഗത്തേക്ക് കടന്നുവരാം,” എന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.
ചിരഞ്ജീവിയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി ചിന്മയി എത്തിയത്. സിനിമയിൽ കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയ ചിന്മയി, ചിരഞ്ജീവിയുടെ നിലപാടിനോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സഹപ്രവർത്തകരായ സ്ത്രീകളെ സുഹൃത്തുക്കളായോ കുടുംബാംഗങ്ങളായോ കണ്ട് ബഹുമാനിച്ചിരുന്ന ഒരു തലമുറയിൽ നിന്ന് വരുന്ന ആളാണ് ചിരഞ്ജീവി എന്ന് ഓർമിപ്പിച്ച ചിന്മയി, ചൂഷണത്തിന് ഇരയാകുന്നവരുടെ ഭാഗത്താണ് തെറ്റെന്ന് വരുത്തിത്തീർക്കുന്ന ചിരഞ്ജീവിയുടെ രീതിയെ പരോക്ഷമായി വിമർശിച്ചു.

