Site icon Janayugom Online

ചിത്കുളിൽ; ‘ഇന്ത്യയുടെ അവസാനത്തെ ഗ്രാമം’

chitkul

ഹിമാചൽ പ്രദേശിലെ വളരെ മനോഹരമായ ഹിൽ സ്റ്റേഷനാണ് ചിത്കുളിൽ. ഇന്ത്യ‑ടിബറ്റ് അതിർത്തിയിലെ ജനവാസമുള്ള അവസാന ഇന്ത്യൻ ഗ്രാമം. ചിത്കുളിൽ ഗ്രാമത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഇന്ത്യ‑ടിബറ്റ് അതിർത്തി. എന്നാൽ, പൗരന്മാർക്ക് ചിത്കുളിനപ്പുറം പോകാൻ അനുവാദമില്ല, അതിനാലാണ് ഇന്ത്യ‑ടിബറ്റ് അതിർത്തിക്ക് മുമ്പുള്ള അവസാന ഗ്രാമമായി ഇത് അറിയപ്പെടുന്നത്. ഇവിടത്തെ ശാന്തരായ, സ്നേഹം തുളുമ്പുന്ന മനുഷ്യരുടെ ഇടപെടൽ വിസ്മയിപ്പിക്കും. മലകളും കൂറ്റൻ പാറകളും നദികളും കാടുകളും പുൽമേടുകളും ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു. 

വര്‍ഷം മുഴുവനും സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് സാംഗ്ല താഴ്‍‍‍‍വര. ഇന്ത്യയുടെ ടിബറ്റൻ അതിർത്തിയോട് ചേർന്ന്, ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ബസ്പ താഴ്‌വര എന്നും തുക്പ താഴ്‌വര എന്നുമെല്ലാം അറിയപ്പെടുന്ന സാംഗ്ല, കർച്ചാമിൽ തുടങ്ങി ടിബറ്റിന്റെ ഭാഗത്തുള്ള ഇന്ത്യയുടെ അവസാനത്തെ ഗ്രാമമായ ചിത്കുളിലാണ് അവസാനിക്കുന്നത്.
സാംഗ്ലയിൽ നിന്ന് 28 കിലോമീറ്റർ അകലെ കിന്നൗർ താഴ്‌വരയിൽ 3450 മീറ്റർ ഉയരത്തിലാണ് ചിത്കുളിൽ നിലകൊള്ളുന്നത്. ഹിമാലയൻ സൗന്ദര്യം നിറഞ്ഞതാണ് ചിത്കുളിൽ ഗ്രാമം. ഹിമാലയൻ കുന്നുകളിൽ പച്ചപ്പ് നിറഞ്ഞ സമതലങ്ങളുണ്ട്, അവയിലെ ട്രെക്കിങ് വ്യത്യസ്തമായ ആനന്ദമാണ്.
ഇന്ത്യയുടെ ടിബറ്റ് അതിർത്തിക്കടുത്തുള്ള ചിത്കുളിലെ ബാസ്പ നദി ഹിമാലയത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. ബാസ്പ നദിയിൽ നിന്നുള്ള മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ച വശ്യമാണ്.
പച്ചപ്പ് നിറഞ്ഞ പുൽമേടുകളാലും മഞ്ഞു പുതച്ച ഹിമാലയൻ പർവതങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണ് സംഗ്ല മെഡോ. ഹിമാലയത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ചിത്കുളിലെ ഒരു സമതലമാണിത്. സഞ്ചാരികൾ ഇവിടെയെത്തുന്നത് അവരുടെ മനസിനും ആത്മാവിനും സമാധാനം തേടിയെന്നാണ് വിശ്വാസം.

സഞ്ചാരികൾക്ക് അനുയോജ്യമായ സമയം

ചിത്കുളിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലമാണ്, പ്രത്യേകിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇവിടെയെത്താം. മഞ്ഞ് മൂടിയ ചിത്കുളിൽ കാണണമെങ്കിൽ ഡിസംബർ 25 മുതൽ ജനുവരി വരെ വരാം.
ശൈത്യകാലത്ത് ഇവിടെ താപനില എല്ലായ്പ്പോഴും മൈനസിൽ തന്നെ തുടരും. സിംലയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മലമുകളില്‍ സ്ഥിതി ചെയ്യുന്ന ജുബര്‍ഹട്ടിയാണ് ചിത്കുളിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ ഏറ്റവും ചെറിയ വിമാനത്താവളങ്ങളില്‍ ഒന്നാണിത് . ചിത്കുളിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിംലയാണ്.

Exit mobile version