ചൊക്രമുടി മലനിരകളിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമ്മാണവും നടന്ന സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫിസര്‍ എം എം സിദ്ദിഖ് എന്നിവരെ സസ്പെൻഡ് ചെയ്തു. റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊക്രമുടിയിലെ പട്ടയങ്ങളുമായി ബന്ധപ്പെട്ട വീട് നിർമ്മാണത്തിനായി എൻഒസി അനുവദിച്ചതിലെ ക്രമക്കേട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അടിമാലി സ്വദേശിയുടെയും ഭാര്യയുടെയും അപേക്ഷയിൽ സ്ഥല പരിശോധന നടത്താതെ വില്ലേജ് ഓഫിസര്‍ എം എം സിദ്ദിഖ് താലൂക്ക് ഓഫീസിൽ റിപ്പോർട്ട് സമർപ്പിച്ചെന്ന് കണ്ടെത്തി. ബൈസൺവാലി വില്ലേജിന്റെ ചാർജ് ഓഫിസറായ ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു സ്ഥലപരിശോധന കൂടാതെ എൻഒസിക്ക് ശുപാർശ ചെയ്യുകയും തഹസിൽദാരായിരുന്ന ഡി അജയൻ പരിശോധനയില്ലാതെ ഇത് അംഗീകരിക്കുകയും ചെയ്തു.
2024 മേയ് 22ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എൻഒസി നൽകുമ്പോൾ പട്ടയത്തിന്റെ ആധികാരികതയും നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്നും ദുരന്തനിവാരണ നിയമ പ്രകാരം എന്തെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത്തരത്തിലുള്ള പരിശോധനകൾ ഒന്നും കൂടാതെയാണ് ചൊക്രമുടിയിൽ നിർമ്മാണത്തിന് എൻഒസി അനുവദിച്ചിട്ടുള്ളതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഭൂമി തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ ആർ ബി വിപിൻ രാജിനെയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.