Site icon Janayugom Online

തെലങ്കാനയില്‍ ഹിന്ദുത്വ വാദികള്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ചു

ballot

തെലങ്കാനയില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സ്കൂളിന് നേരെ ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണം. എംസിബിഎസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ലക്‌സെട്ടിപ്പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ബസ്ഡ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് നേരെയാണ് തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ വന്‍ ആക്രമണമുണ്ടായത്.

യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന കുട്ടികളോട് കാരണം തിരക്കിയതാണ് ആക്രമണത്തിന് കാരണം. ‘ഹനുമാന്‍ സ്വാമീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെ അക്രമികള്‍ അടിച്ചുതകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു. അക്രമികള്‍ സ്കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫിസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകര്‍ത്തു. യൂണിഫോമില്ലാതെ കുറച്ചു കുട്ടികള്‍ വന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ മതപരമായ കാര്യങ്ങളാലാണ് എന്നായിരുന്നു മറുപടി. പിന്നാലെ ഇന്നലെ രാവിലെ തീവ്ര ഹിന്ദുത്വവാദികള്‍ ഒരുമിച്ചെത്തുകയായിരുന്നു. ജയ് ശ്രീറാം വിളികളോടെ എത്തിയവരുടെ എണ്ണം പതിയെ വര്‍ധിച്ചു. കൂട്ടത്തോടെ ആക്രോശവുമായി എത്തിയ ഹിന്ദുത്വ വാദികള്‍ ആക്രമണം അഴിച്ചു വിടുകയായിരിന്നു.

പൊലീസ് എത്തിയിട്ടും അക്രമ ആഹ്വാനവും ആക്രോശവുമായി ഹിന്ദുത്വ വാദികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമത്തിന്റെ വീഡിയോ ഹിന്ദുത്വ വാദികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ‘ഹനുമാന്‍ സ്വാമീസ്’ സംഘടന മുഴക്കിയിരുന്നു. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണിത്. 

Eng­lish Sum­ma­ry: Chris­t­ian school attacked by Hin­dut­va in Telangana

You may also like this video

Exit mobile version