ഇറ്റാലിയൻ ഇതിഹാസം ഫ്രാൻസിസ്‌കോ ടോട്ടിയുടെ മകൻ ക്രിസ്റ്റ്യൻ ടോട്ടി ഫുട്ബോളില്‍ നിന്നും വിരമിച്ചു. 19-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച താരം കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ താരപുത്രനാണെന്ന സമ്മർദ്ദം താങ്ങാനാവാത്തതാണ് ക്രിസ്റ്റ്യന്‍ ഫുട്ബോളില്‍ നിന്നും വിരമിക്കാന്‍ കാരണമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാപ്റ്റൻ സാൽസിസിയ (ക്യാപ്റ്റൻ സോസേജ്) എന്ന് വിളിച്ചു പലരും യുവതാരത്തെ ബോഡി ഷെയ്മിങ് ചെയ്തിരുന്നതും വിരമിക്കാന്‍ കാരണമായതായാണ് സൂചന. ഇറ്റാലിയൻ ക്ലബ്ബ് ഓൽബിയയ്ക്ക് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഫുട്ബോളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ക്രിസ്റ്റ്യന്‍. എഎസ് റോമയിലൂടെ കരിയർ തുടങ്ങിയ ക്രിസ്റ്റ്യൻ മതിയായ അവസരങ്ങൾ ലഭിക്കാത്തതിനാൽ നാലാം ഡിവിഷനിലേക്ക് മാറിയിരുന്നു. എഎസ് റോമയുടെ താരമായിരുന്ന ഫ്രാൻസെസ്കോ ടോട്ടി 780ലധികം മത്സരങ്ങളിൽ നിന്ന് 307 ഗോളുകൾ നേടിയിട്ടുണ്ട്.

