Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി മതംമാറ്റി; ആയിരക്കണക്കിനാളുകള്‍ ഗ്രാമങ്ങളില്‍ നിന്നും പലായനം ചെയ്തു

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ മതവിശ്വാസികളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഹിന്ദുമതത്തിലേക്ക് ഘര്‍വാപസി നടത്തിയതായി റിപ്പോര്‍ട്ട്. കൊണ്ടേഗാവ് ജില്ലയിലെ നാരായണ്‍പുരിലെ 30 ഗ്രാമങ്ങളിലുണ്ടായ അക്രമ പരമ്പരകളേക്കുറിച്ച് അന്വേഷണം നടത്തിയ പൗരാവകാശ സമിതിയുടേതാണ് റിപ്പോര്‍ട്ട്.

ആയിരക്കണക്കിന് ആദിവാസികളടക്കമുള്ളവര്‍ മര്‍ദ്ദനത്തിലും ആക്രമണത്തിലും ഭയന്ന് തിരികെ ഹിന്ദുമതം സ്വീകരിക്കേണ്ടി വന്നതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം മേഖലയിലുണ്ടായ ആക്രമണങ്ങള്‍ മതപരിവര്‍ത്തന ശ്രമത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തിയതാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. ആക്രമണങ്ങള്‍ ഭയന്ന് നിരവധി കുടുംബങ്ങള്‍ നാരായണ്‍പൂരില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നും ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം കണ്‍വീനറും വസ്തുതാന്വേഷണ സമിതിയിലെ അംഗവുമായ ബ്രിജേന്ദ്ര തിവാരി പറഞ്ഞു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഡിസംബര്‍ ഒമ്പതുമുതല്‍ 18 വരെ നാരായണ്‍പുരിലെ 18 ഗ്രാമങ്ങളിലും കൊണ്ടേഗാവിലെ 15 ഗ്രാമങ്ങളിലുമുണ്ടായത്. ബസ്തറില്‍ ഒരു ദിവസം മാത്രം 20 ലേറെ ആക്രമണമുണ്ടായി. ആക്രമണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ നാരായണ്‍പൂരിലെ കളക്ടറേറ്റിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനവും പരാതിയും നൽകി. 

ആര്‍എസ്എസിന്റെയും ബജ്‌രംഗ്‌ദളിന്റെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും നേതാക്കളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നത്. ബിജെപിയുടെ നാരായണന്‍പൂര്‍ പ്രസിഡന്റ് രൂപ്‌സായ് സലാം, ബേനൂര്‍ പ്രസിഡന്റ് ഫൂല്‍ദാര്‍ കച്ചം, ശ്യാംലാല്‍ പൊട്ടയ് (ബട്ട്പാല്‍), ബോജ്രാജ് നാഗ് (അന്താഗഡ്) ഉള്‍പ്പെടെയുള്ള 26 പേരുടെ പേര് കളക്ടര്‍ക്ക് നല്‍കിയ പരാതിയിലുണ്ടായിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 

സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം ഡയറക്ടര്‍ ഇര്‍ഫാന്‍ എന്‍ജിനീയറും ഡയറക്ടര്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, ഓള്‍ ഇന്ത്യ ലോയേഴ്സ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് എന്നിവരുടെ പ്രതിനിധികളും സുപ്രീം കോടതി അഭിഭാഷകരും അടങ്ങിയ സമിതി നേരിട്ട് തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും ഭീഷണിയിലും അക്രമികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അകമഴിഞ്ഞ പിന്തുണ നല്കുന്നതായും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനും ദേശീയ ന്യൂനപക്ഷ കമ്മിഷനും ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ അജയ് ജസ്റ്റിസ് ഷാ പറഞ്ഞു. 

Eng­lish Summary;Christians were threat­ened and con­vert­ed in Chhattisgarh
You may also like this video

Exit mobile version