തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്ന അർദ്ധവാർഷിക പരീക്ഷാ സംബന്ധമായ ആശങ്കകൾക്ക് വിരാമമായി. പരീക്ഷ ഒറ്റഘട്ടമായി തന്നെ നടത്താനാണ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായത്. പരീക്ഷ ഡിസംബർ 15ന് ആരംഭിക്കും. ഡിസംബർ 23ന് പരീക്ഷകൾ പൂർത്തിയാക്കി സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടയ്ക്കും.
സ്കൂളുകൾ ജനുവരി 5നായിരിക്കും വീണ്ടും തുറക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി 7ന് നടക്കും. നേരത്തെ, ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കണക്കിലെടുത്താണ് ഒറ്റഘട്ടമായി പരീക്ഷ നടത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതിയുടെ അടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

