Site iconSite icon Janayugom Online

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവം; എയ്ഡഡ് സ്കൂളിലെ പ്യുണിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തിൽ എയ്ഡഡ് സ്കൂളിലെ പ്യുണിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ ഏത് സ്കൂളിലെ പ്യൂണ്‍ ആണെന്ന വിവരം ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. അബ്ദുല്‍ നാസര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി എം എസ് സൊല്യൂഷന്‍സിലെ അധ്യാപകനായ ഫഹദിന് നല്‍കുകയായിരുന്നു.

ഫഹദ് നേരത്തെ ഇതേ അണ്‍ എയ്ഡഡ് സ്കൂളില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം ഉപയോഗപ്പെടുത്തിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഈ ചോദ്യങ്ങള്‍ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നു. തുടര്‍ച്ചയായി എം എസ് സൊല്യൂഷന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തല്‍. ഇതെല്ലാം അബ്ദുള്‍ നാസറിന്റെ സഹായത്തോടെയാണോ എന്ന് പരിശോധിക്കുകയാണ്. 

വിശദമായി ചോദ്യം ചെയ്ത് ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എം. എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യുട്യൂബ് ചാനലിലൂടെ നല്‍കിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017ലാണ് ഈ യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023‑ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. 2024 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയുടേയും ഓണം, ക്രിസ്മസ് പരീക്ഷകളുടേയും സമയത്ത് കാഴ്ചക്കാരുടെ എണ്ണം വീണ്ടും കൂടിയതായാണ് കണ്ടെത്തൽ.

Exit mobile version