Site iconSite icon Janayugom Online

കുവൈറ്റിൽ ക്രിസ്മസ് ആഘോഷനിറവിൽ: പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കരോൾ സംഗീതവും ഒരുങ്ങി

പ്രവാസലോകം ക്രിസ്മസ് ആഘോഷങ്ങളുടെ നിറവിൽ. കുവൈറ്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്മസ് രാവിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ഇന്ന് വൈകുന്നേരം മുതൽ തന്നെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കരോൾ സർവീസുകളും ആരംഭിച്ചു.
കുവൈറ്റ് സിറ്റി, അഹ്‌മദി, സൽവ, സാൽമിയ തുടങ്ങിയ വിവിധ ക്രിസ്ത്യൻ പള്ളികളിലെല്ലാം വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടക്കും.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം വലിയ ആവേശത്തോടെയാണ് ആഘോഷങ്ങളിൽ പങ്കുചേരുന്നത്. പള്ളികളും വീടുകളും നക്ഷത്രവിളക്കുകളും ക്രിസ്മസ് ട്രീകളും കൊണ്ട് അലംകൃതമാണ്.
വലിയ തിരക്ക് പരിഗണിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പള്ളികൾക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
ക്രിസ്തുമസ് വ്യാഴാഴ്ച ആയതിനാൽ വെള്ളിയാഴ്ച അവധി ദിവസം കുവൈറ്റിലെ വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ കരോൾ മത്സരങ്ങളും ക്രിസ്മസ് കേക്ക് മുറിക്കലും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറിയും സ്നേഹവിരുന്നുകൾ ഒരുക്കിയും കുവൈറ്റിലെ പ്രവാസി സമൂഹം ക്രിസ്തുമസ്സിനെ വരവേൽക്കുകയാണ്.

Exit mobile version