ക്രിസ്മസ് — പുതുവത്സരത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയിൽ ഒമ്പത് സ്ഥാപനങ്ങൾ അടപ്പിച്ചു.
ലെെസൻസ് ഇല്ലാതെ പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങളും ലെെസൻസ് പുതുക്കാത്ത രണ്ട് സ്ഥാപനങ്ങൾക്കുമാണ് പൂട്ട് വീണത്. ബോർമ്മകൾ, ബേക്കറികൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇവിടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്കയച്ചു.
ക്രിസ്മസിന് കൂടുതലായും ഉപയോഗിക്കുന്ന കേക്ക്, മധുര മധുരപലഹാരങ്ങൾ വൈനുകൾ മുതലായവയാണ് പരിശോധനയ്ക്കായി കൂടുതൽ സാമ്പിൾ ശേഖരിച്ചത്.
ലാബ് റിപ്പോർട്ട് വരുന്ന മുറയ്ക്ക് നിലവാരം ഇല്ലാത്ത വസ്തുക്കള്‍ വില്‍പന നടത്തിയവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അസി. കമ്മീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു. പരിശോധനയിൽ ചെറിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനും വലിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിനും നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവ്സും ചേർക്കുന്നതിന് കർശനമായ നിയന്ത്രണമുണ്ട്. അതിനനുസരിച്ചേ ഉത്പാദകർ ഉപയോഗിക്കാൻ പാടുള്ളൂ. കേക്കുകളിൽ ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ ഒരു കിലോയില്‍ ഒരു ഗ്രാമിൽ കുറച്ച് മാത്രമേ ചേർക്കാൻ പാടുള്ളു. കൃത്രിമ നിറം ചേർക്കുന്നതിനും കർശന നിയന്ത്രണമുണ്ടെന്നും അധികൃതര്‍ പറഞ്ഞു.