Site iconSite icon Janayugom Online

ക്രിസ്‌മസ് തിരക്കില്‍ തലസ്ഥാനം: പ്രതീക്ഷയില്‍ തിളങ്ങി വിപണി

തലസ്ഥാനമാകെ ക്രിസ്‌മസ് തിരക്കിലാണ്. വിവിധ നിറങ്ങളിലുള്ള അലങ്കാര പണികളും പുല്‍ക്കൂടുകളും നഗരത്തിലെത്തുന്ന ആരുടെ മുഖത്തും പ്രതീക്ഷയുടെ പു‍ഞ്ചിരി നിറയ്ക്കും. ചുരുക്കി പറഞ്ഞാല്‍ ഉത്സവാന്തരീക്ഷമാണ് ഇവിടെ. മുന്‍വര്‍ഷങ്ങളിലെപ്പോലെ സഞ്ചിനിറയെ സമ്മാനങ്ങളോടെ ചുവന്ന തൊപ്പിയുമായി വരുന്ന അപ്പൂപ്പനെ വഴിയോരങ്ങളില്‍ കാണാനില്ല. പകരം പുല്‍ക്കൂടുകളും നക്ഷത്രങ്ങളും കണ്ണാടിക്കുള്ളിലെ രുചിക്കൂട്ടുകളുമാണ് വിപണിയുടെ ആകര്‍ഷണം.കോവിഡിന്റെ ശക്തമായ അടിയില്‍ തളര്‍ന്നുപോയ വിപണി പുതുപ്രതീക്ഷകളുമായി ഉണര്‍ന്നേഴുന്നേല്‍ക്കുന്ന കാഴ്ചയ്ക്കാണ് തലസ്ഥാനം സാക്ഷിയാകുന്നത്. പതിവ് തെറ്റിക്കാതെ റെഡിമെയ്ഡ് ക്രിസ്‌മസ് ട്രീയും പുല്‍ക്കൂടുകളും തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സാധാരണ ബീഡിങ് വച്ച് നിര്‍മ്മിക്കുന്ന പുല്‍ക്കൂടിനായിരുന്നു ഡിമാന്‍ഡ് എങ്കിലും മുളകൊണ്ട് നിർമ്മിക്കുന്നവയ്ക്കാണ് വില കൂടുതല്‍.

 

 

പുൽക്കൂടുകൾക്ക് 350 രൂപ മുതൽ 1,000ത്തില്‍ അധികം വില വരും. വലുപ്പം അനുസരിച്ചാണ് ക്രിസ്‌മസ് ട്രീയുടെ നിരക്ക്. 700 രൂപ മുതൽ ട്രീ ലഭ്യമാണ്. പുല്‍ക്കൂടിനുള്ളിലെ രൂപങ്ങൾ 150 രൂപയ്ക്ക് മുതൽ ലഭിക്കും. നിരത്തുകള്‍ കീഴടക്കി അന്യസംസ്ഥാനക്കാരും തലസ്ഥാനത്ത് കച്ചവടത്തിനുണ്ട്. പ്ലാസ്ട്രോപാരീസില്‍ നിര്‍മ്മിച്ച മാതാവും മാലാഖമാരും ഉണ്ണിയേശുവും പ്രതീക്ഷയുടെ പുതുകാഴ്ചകളാകുകയാണ്. എൽഇഡി ലൈറ്റോടെയുള്ള ക്രിസ്‍മസ് ട്രീക്കും ഡിമാൻഡുണ്ട്. ബോൾ, ബെൽ, രൂപങ്ങൾ, സാന്താക്ലോസ് ഉടുപ്പ്, സാന്താക്ലോസ് തല, സീരിയൽ ബൾബുകൾ, റീത്ത് തുടങ്ങി ട്രീയുടെ അലങ്കാര സാമഗ്രികളും വേഗത്തില്‍ വിറ്റുപോകുന്നുണ്ട്.

 

 

വേറിട്ട നക്ഷത്രങ്ങള്‍ക്കാണ് ഇക്കുറി ആവശ്യക്കാരരേറെ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പേപ്പറിനെയും പ്ലാസ്റ്റിക്കിനെയും ഓരോ ചുവട് പിന്നോട്ടടിച്ച് ഇലക്ട്രിക്ക് സ്റ്റാറുകള്‍ ഇക്കുറി കടകള്‍ക്കും വീടുകള്‍ക്കും മുന്നില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. പേപ്പര്‍, എല്‍ഇഡി നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരെറെ. ഗ്ലെയിസിങ് പേപ്പർ, വെൽവെറ്റ് പേപ്പർ തുടങ്ങിയ വൈവിധ്യങ്ങളിൽ കടലാസ് നക്ഷത്രങ്ങളുണ്ട്. നിയോൺ സ്റ്റാറുകള്‍ക്കും വിപണിയില്‍ ഇടമുണ്ട്. 80 രൂപ മുതൽ 300 രൂപവരെയുള്ള പേപ്പർ സ്റ്റാറുകളും 200 രുപമുതൽ 600 രൂപവരെയുള്ള എൽഇഡി സ്റ്റാറുകളും തേടിയെത്തുന്നവരുടെ എണ്ണവും കുറവല്ല.ഡിസംബറിന്റെ ആദ്യ ആഴ്ചകളില്‍ തണുത്തിരുന്ന വിപണിക്ക് ക്രിസ്‌മസിനോട് അടുക്കുന്തോറും ചുറുചുറുക്ക് ഏറുകയാണ്. സ്കൂളുകളും സ്ഥാപനങ്ങളും പഴയ പടിയായതോടെ ക്രിസ്‌മസ് സമ്മാനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കൂടാതെ കേക്ക് വിപണിയിലും വലിയ പ്രതീക്ഷയാണ് ഇക്കുറിയുള്ളത്.

 

 

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കടന്നു വന്നത് കേക്ക് നിര്‍മ്മാണത്തിലേക്കാണ് എങ്കിലും ക്രി‌സ്‌മസ് കേക്കിന് ഏവരും വിപണികളെ തന്നെ ആശ്രയിച്ചിരിക്കുകയാണ്. പ്ലം കേക്കിലാണ് ഇക്കുറി പരീക്ഷണങ്ങളെറെ നടക്കുന്നത്. സര്‍പ്രൈസ് കേക്ക്, റിച്ച് ക്രിസ്‌മസ് പ്ലം കേക്ക്, ചോക്കോ പ്ലം കേക്ക്, ട്രെഡീഷണല്‍ പ്ലം കേക്ക്, ഡെലിഷ്യസ് പ്ലം കേക്ക് എന്നിങ്ങനെ നീളുന്നു പ്ലം കേക്കുകളുടെ നിര. ഫ്രോസണ്‍ കേക്കുകളും ആകര്‍ഷകമായ രൂപങ്ങളിലുള്ള ക്രിസ്‌മസ് സ്പെഷ്യല്‍ കേക്കുകളും കാരറ്റ്, ബീറ്റ്റൂട്ട്, ക്രീം, ബ്ലൂബെറി,ചോക്ലേറ്റ് തുടങ്ങി വൈവിധ്യരുചികളടങ്ങിയ കേക്കുകളും വിപണി കയ്യടക്കി കഴിഞ്ഞു.കോവിഡിനെ ഭയന്ന് വീടുകളിലൊതുങ്ങിയവരും കോവിഡ് സുരക്ഷ പരിഗണിച്ച് ആഘോഷങ്ങള്‍ ഒഴിവാക്കിയവരും ഇക്കുറി സജീവമായി ആഘോഷങ്ങള്‍ക്ക് ഒരുങ്ങിയിട്ടുണ്ട്.കടന്നുപോയ ലോക്ഡൗണുകളുടെ ക്ഷീണവും തിരിച്ചു പിടിച്ച പ്രതീക്ഷയുടെ സന്തോഷവും ഓരോരുത്തരും പങ്കുവയ്ക്കുകയാണ്. വലിയൊരു വീഴ്ചയില്‍ നിന്ന് കരകയറി വരുന്നതിന്റെ ആശ്വാസം കച്ചവടക്കാരുടെ മുഖത്തും വീണുപോകാതെ പിടിച്ചെഴുന്നേല്‍ക്കാനായതിന്റെ സന്തോഷം മലയാളികളിലുമുണ്ട്.

Exit mobile version