Site iconSite icon Janayugom Online

അധ്യാപക പ്രസ്ഥാനത്തിന്റെ നാള്‍വഴികള്‍

AKSTUAKSTU

യനീയവും പരിതാപകരവുമായ ഒരു ഭൂതകാലം കേരളത്തിന്റെ വിദ്യാഭ്യാസചരിത്രപഥങ്ങൾക്ക് ഉണ്ടായിരുന്നു. അക്കാലത്ത് ശരിക്കും ബലിയാടുകളായി മാറിയത് അധ്യാപക സമൂഹം മാത്രമായിരുന്നു. കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളുടെ സംവിധാന ക്രമം ഇന്നു കാണുന്നതിൽ നിന്ന്ഏറെ വ്യത്യസ്തമായിരുന്നു. അന്ന് അധ്യാപകർക്ക് ലഭിച്ചിരുന്ന വേതനം ഒന്‍പത് രൂപയായിരുന്നു. ബോർഡ് നേരിട്ടു നടത്തുന്ന വിദ്യാലയങ്ങളിലാണെങ്കിൽ 15 രൂപ. പത്ത് വർഷത്തോളം അരരൂപ വീതം വാർഷിക ഇൻക്രിമെന്റ്. ഒടുവിൽ 20 രൂപയാകും ശമ്പളം. ഇതാണ് സേവന വേതന വ്യവസ്ഥയെങ്കിലും മലബാറിലെ അധ്യാപകർക്ക് ഇത് ലഭിച്ചിരുന്നില്ല.

മാനേജർമാരുടെ അടിയാന്മാരെ പോലെയായിരുന്നു അധ്യാപകർ. മാനേജർ കനിഞ്ഞു നല്കുന്നത് സ്വീകരിക്കുകയും മുഴുവൻ തുകയ്ക്കുമുള്ള രശീതി ഒപ്പിട്ടു നല്കുകയും ചെയ്യണം. അധ്യാപകർക്കിടയിൽ ആദ്യകാലത്തുണ്ടായിരുന്ന രണ്ട് പ്രസ്ഥാനങ്ങളായിരുന്നു സൗത്ത് ഇന്ത്യൻ ടീച്ചേഴ്സ് യൂണിയൻ, അഖിലേന്ത്യാ വിദ്യാഭ്യാസ ഫെഡറേഷൻ എന്നിവ. വടക്കൻ കേരളത്തിലെ അധ്യാപകരുടെ യാതനകളൊന്നും അഭിസംബോധന ചെയ്യാൻ ഈ പ്രസ്ഥാനങ്ങൾ മതിയായിരുന്നില്ല.

പി ആർ നമ്പ്യാരും, ടി സി നാരായണൻ നമ്പ്യാരും ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നല്കി രൂപം കൊടുത്തതായിരുന്നു മലബാർ എലിമന്ററി ടീച്ചേഴ്സ് യൂണിയൻ. മാനേജർമാരുടെ ചൂഷണങ്ങൾക്കെതിരെയും സാമ്രാജ്യത്വത്തിനെതിരെയും അതിശക്തമായി ദേശീയപ്രസ്ഥാനത്തോടൊപ്പം ഈ യൂണിയൻ നിലനിലനിന്നു. ഒരു പുരോഗമന പ്രസ്ഥാനം എന്നനിലയിലായിരുന്നു ഈ അധ്യാപകപ്രസ്ഥാനം അതിന്റെ പ്രവർത്തനങ്ങൾ നടത്തിയത്.
സർക്കാർ അനുവദിച്ച ഗ്രാന്റുകളെല്ലാം മാനേജർമാർ തട്ടിയെടുക്കുകയും അധ്യാപകരെ പരമാവധി ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്ന വ്യവസ്ഥയ്ക്കെതിരെയായിരുന്നു ഇത്തരമൊരു പ്രസ്ഥാനത്തിന്റെ ഉദയം. അടുപ്പെരിയാത്തദിനങ്ങളിൽ വിശപ്പിനെ തന്നെ വാരി തിന്ന അധ്യാപകരുടെ ദയനീയചിത്രങ്ങൾ കാരൂർ കഥകളിലും പി. കുഞ്ഞിരാമൻ നായരുടെ ഓർമ്മക്കുറിപ്പുകളിലും ജന ഹൃദയങ്ങളുടെമനസ്സിലും നെരിപ്പോടായി ജ്വലിച്ചു നിന്നു. വർഷത്തിൽ ഒരു പ്രാവശ്യമാണ് അധ്യാപകർക്ക് വേതനം ലഭിച്ചിരുന്നത്. ശമ്പളമെല്ലാം മാനേജർമാർ വാങ്ങുകയും അധ്യാപകർക്ക് നല്കാതിരിക്കുകയും ചെയ്യുന്നത് അക്കാലത്തെ ഒരു പതിവായിരുന്നു. മൂന്ന് നാല് മാസം കൂടുമ്പോഴാണ് മാനേജർമാർക്ക് ഗ്രാന്റ് ലഭിച്ചിരുന്നത്. ഒന്‍പത് രൂപ പ്രകാരം നാലു മാസത്തേക്ക് 36 രൂപയാണ് ലഭിക്കേണ്ടത്. എന്നാൽ അധ്യാപകർക്ക് മാനേജർമാർ നല്കുന്നത് രണ്ടു രൂപമാത്രമാണ്. അതുമാത്രമല്ല 36 രൂപ കിട്ടി എന്ന രശീതിയും നല്കണം. അങ്ങനെ ഒപ്പിട്ടു നല്കിയില്ലെങ്കിൽ അധ്യാപകർ അനുഭവിക്കേണ്ടിവരുന്നത് നരകയാതനയാണ്.

1934 ൽ ആണ് പഴയ ചിറക്കൽ താലൂക്കിലെ കല്യാശ്ശേരിയിലും കുറുമ്പ്രനാട് താലൂക്കിലെ വടകരയിലും പ്രാദേശികമായി അധ്യാപകസംഘടനകൾ രൂപം കൊള്ളുന്നത്. 1936 ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ മലബാർ എലിമന്റിടീച്ചേഴ്സ് യൂണിയന്റെ സമ്മേളനം വടകരയിൽ നടന്നു. ഇതിനെ തുടർന്നാണ് അഖില മലബാർ എയിഡഡ് എലിമന്ററി ടീച്ചേഴ്സ് യൂണിയൻ എന്ന പേരിൽ സംഘടന ഔദ്യോഗികമായി നിലവിൽ വന്നത്. പതിനാലായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചാണ് വടകരയിൽ സമ്മേളനം നടത്തിയത്. സമ്മേളനത്തിൽ വെച്ച് പി ആർ നമ്പ്യാരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അധ്യാപക പ്രസ്ഥാനത്തിന്റെ നെടുനായകത്വം പിആർ ഏറ്റടുത്തതോടെ ചടുലമായ പരിവർത്തനങ്ങളാണ് ഈ മേഖലയിൽ ഉണ്ടായത്. അധ്യാപകരുടെ സ്വത്വബോധവും അസ്തിത്വവും ഉണരുന്ന വിധമുള്ള പ്രതിഫലനങ്ങൾ വടക്കൻ കേരളത്തിലുടനീളം ഉണ്ടായി.
1937 സപ്തംബർ 30 ന് ഉണ്ടായ സംഭവം അധ്യാപകപ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതൽ ദിശാബോധം നല്കുന്നതായിരുന്നു. കൊയിലാണ്ടിക്കടുത്തുള്ള പന്തലായനി മഠത്തിൽസ്കൂൾ അധ്യാപകനായിരുന്ന കെ പി പത്മനാഭൻ മാസ്റ്ററെ അകാരണമായി മാനേജർപിരിച്ചു വിട്ടു. പി ആർ നമ്പ്യാരുടെ നേതൃത്വത്തിൽ അദ്ധ്യാപകയൂണിയൻ ഈ വിഷയത്തിൽ ഇടപെട്ടു. മാനേജർ കാർക്കശ്യ ഭാവത്തോടെ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നു. പത്മനാഭൻ മാസ്റ്ററെ തിരിച്ചെടുക്കുകയില്ല എന്ന കാര്യത്തിൽ മാനേജർ ഉറച്ചു നിന്നു. പിന്നീട് പി ആറിന്റെ നേതൃത്വത്തിൽ സി കെ ഗോവിന്ദൻ നായർ, ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് കെ കേളപ്പൻ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ എന്നിവരെയുൾപ്പെടുന്ന പ്രതിഷേധ മഹായോഗം സംഘടിപ്പിക്കാൻ പി ആറിനു സാധിച്ചു. യോഗത്തെ തുടർന്ന് ശക്തമായ ഒരു കമ്മറ്റി രൂപീകരിക്കുകയും നിലവിലുള്ള വിദ്യാലയത്തിന് സമീപം മറ്റൊരു വിദ്യാലയം കെട്ടിയുണ്ടാക്കാനും കുട്ടികളെ അവിടേക്ക് മാറ്റി ചേർക്കാനും തീരുമാനമെടുത്തു. ബാസൽ മിഷൻകാരുടെ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ വിദ്യാലയം ആരംഭിച്ചു. ഹെഡ് മാസ്റ്റർ ഉൾപ്പെടെ എട്ട് അധ്യാപകർ ഈ പുതിയ സ്കൂളിലേക്ക് മാറി. വിദ്യാർത്ഥികളും പുതിയ വിദ്യാലയത്തിലെത്തിതുടങ്ങി. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ പ്രഥമ ബദൽ വിദ്യാലയം ജന്മം കൊണ്ടു
മലബാറിൽ ഉടനീളം അധ്യാപക സമൂഹത്തിനിടയിൽ ഇത് വലിയ പ്രതികരണം ഉണ്ടാക്കി. മാനേജർമാരും വിദ്യാഭ്യാസ വകുപ്പും ഇങ്ങനെയൊരു പ്രവൃത്തിയെ ഒരിക്കലും അംഗീകരിച്ചില്ല. പ്രതിഷേധ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയ പി ആർ നമ്പ്യാർ മാനേജ്മെന്റിന്റെയും വകുപ്പിന്റെയും കണ്ണിലെ കരടായിമാറി. പി ആറിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുവാൻ വേണ്ടി അവർ നീക്കങ്ങൾ നടത്തി.
മാനേജർമാർക്കെതിരെ കണ്ണൂരിൽ സമരം അതിശക്തമായി മുന്നോട്ടു പോകുമ്പോൾ തന്നെ പയ്യന്നൂരിലെ കുന്നരു എയ്ഡഡ് യുപി സ്കൂളിലെ ശങ്കരമാരാർ എന്ന അധ്യാപകനെയും മാനേജർ ഇടപെട്ട് പിരിച്ചുവിട്ടു. ശങ്കരമാരാർ ഒരു കോൺഗ്രസ് പ്രവർത്തകനായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപെട്ടു എന്ന കാരണം പറഞ്ഞായിരുന്നു അദ്ദേഹത്തെ പിരിച്ചുവിട്ടത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി യൂണിയൻ നിവേദനം നൽകിയെങ്കിലും അതൊന്നും സർക്കാർ പരിഗണിച്ചില്ല.

1935 ഫിബ്രവരിയിലാണ് മലബാർ അധ്യാപക യൂണിയന്റെ ആദ്യ സമ്മേളനം തലശ്ശേരി ടൗൺഹാളിൽ ചേർന്നത്. അന്ന് പി ആർ ജനറൽ സെക്രട്ടറിയായും ടി സി ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാനേജ്മെന്റിന്റെ ക്രൂരതയ്ക്ക് നിരന്തരം ബലിയാടാകേണ്ടി വന്ന അധ്യാപകരെ സംബന്ധിച്ചടുത്തോളം സംഘടനയുടെ ഉദയം ആവേശം മാത്രമായിരുന്നില്ല അവകാശബോധം കൂടിയായിരുന്നു. 1936 ലെ വടകര സമ്മേളനത്തോടുകൂടി അധ്യാപകർക്കിടയിലെ അനിഷേധ്യശക്തിയായി പ്രസ്ഥാനം വളർന്നു കഴിഞ്ഞു. പി എം കുഞ്ഞിരാമൻ നമ്പ്യാർ പ്രസിഡന്റും പി ആർ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ടി സി അന്ന് കണ്ണൂർ ജില്ലയിലെ കണ്ണാടിപറമ്പ് എച്ച് ഇ സ്കൂളിൽ ഹെഡ് മാസ്റ്ററായിരുന്നു. 1936 ൽ ടി. സി നാരായണൻ നമ്പ്യാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. അതിനെതിരെ വൻ ജനകീയ പ്രതിരോധമാണ് ഉയർന്നത്. ഒടുവിൽ മാനേജർക്ക് നിരുപാധികം വഴങ്ങേണ്ടിവന്നു. കണ്ണാടിപ്പറമ്പ് ഒരു കണ്ണാടി എന്ന ശീർഷകത്തിൽ പത്രങ്ങൾ മുഖപ്രസംഗം പോലും എഴുതി. 1936–37 കളിൽ അധ്യാപകരെ പിരിച്ചു വിടുന്ന ഒരു പരമ്പര തന്നെ ഉണ്ടായി.

ആദ്യകാലത്ത് ഗവൺമെന്റ് മേഖലയിൽ അധ്യാപകർക്കായി കെ ജി പി ടി എ എന്ന സംഘടനയാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. വൈവിധ്യങ്ങളായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള അധ്യാപകർ ഈ സംഘടനയിൽ പ്രവർത്തിച്ചിരുന്നു. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്ന അധ്യാപക നേതാക്കളാണ് കൂടുതലായും നേതൃത്വം വഹിച്ചിരുന്നത്. 1964 ഓടുകൂടി രാഷ്ട്രീയ വ്യതിയാനങ്ങൾക്കനുസരിച്ച് കെ ജി പി ടി എ യിൽനിന്ന് ഒരു വിഭാഗം ഇടതുപക്ഷ അധ്യാപകർ ചേർന്ന് കെ ജി പി ടി യു എന്ന സംഘടനക്ക് രൂപം കൊടുത്തു. എം ആർ ജി കുറുപ്പ് അതിന്റെ സ്ഥാപക നേതാവായിരുന്നു. കെ. ജി പി. ടി യുവിന്റെ സംസ്ഥാന സമ്മേളനം അടിയന്തിരാവസ്ഥക്കാലത്ത് കണ്ണൂർ ജില്ലയിലാണ് നടന്നത്. ട്രൈബൽ ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ എന്ന സംഘടനയുമായി കെ ജി പി ടി യു വിൽ പ്രവർത്തിച്ചിരുന്നവർ ചേർന്ന് ഡി ജി ടി എ എന്ന സംഘടനയ്ക്കു രൂപം നൽകി. പിന്നീട് ഡി ജി ടി എ യിൽ നിന്ന് ഡിപ്പാർട്ട്മെന്റൽ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (ഡി എസ് ടി യു) രൂപംകൊണ്ടു.
1957 മുതൽ തന്നെ കണ്ണൂർ ജില്ലയിൽ അധ്യാപകർക്കായി പ്രവർത്തിച്ചിരുന്ന പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയനും (പി എസ് ടി എ) 1965 മുതൽ മുതൽ 1980 വരെ ദീർഘകാലം എ ആർ സി നായർ, എം എം രാഘവൻ മാസ്റ്റർ തുടങ്ങിയവർ പി എസ് ടി എ യുടെ ഭാരവാഹികളായിരുന്നു. എ ആർ സി നായർ അതിൻ്റെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. 1985 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികർ ചേർന്ന് പി എസ് ടി എ യിൽ നിന്ന് പുറത്ത് വരികയും എ എസ് ടി എ എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുകയും ചെയ്തു.
1996 ൽ ഗവൺമെന്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന ഡി എസ് ടി യു വും പ്രൈവറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന എ എസ് ടി എ യും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. അങ്ങനെ 1997 സംസ്ഥാനതലത്തിൽ ഡി എസ് ടി യു, എ എസ് ടി എ ലയനസമ്മേളനം നടക്കുകയും എ കെ എസ് ടി യു എന്ന അധ്യാപക പ്രസ്ഥാനം രൂപം കൊള്ളുകയും ചെയ്തു.

എ കെ എസ് ടി യു രൂപം കൊണ്ടിട്ട് കാൽ നൂറ്റാണ്ട് പൂർത്തിയാവുകയാണ്. ഒരു അധ്യാപക പ്രസ്ഥാനത്തെ സംബന്ധിച്ചടുത്തോളം കാൽ നൂറ്റാണ്ട് എന്ന് പറയുന്നത് ചെറിയ കാലയളവല്ല. നൈതികമായ പോരാട്ടങ്ങളുടെ ശക്തമായ അടിത്തറയാണ് എ കെ എസ് ടി യു വിനെ മറ്റ് പ്രസ്ഥാനങ്ങളിൽ നിന്നും വ്യതിശിക്തമാക്കുന്നത്. രാഷ്ട്രീയമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ പൊതു വിദ്യാഭ്യാസത്തിനു വേണ്ടി മുഖം നോക്കാതെ ശബ്ദമുയർത്തുന്ന പ്രസ്ഥാനമാണിതെന്ന് അതിന്റെ ഭൂതവർത്തമാനങ്ങൾ സൂചിപ്പിക്കുന്നു. പി ആർ നമ്പ്യാർ ഉൾപ്പെടെയുള്ള അധ്യാപക നേതാക്കൾ ഉയർത്തി കൊണ്ടുവന്ന മൗലികമായ സമീപനത്തിന് ഒരു തുടർച്ച സൃഷ്ടിക്കപ്പെടുന്നത് വാസ്തവത്തിൽ എ കെ എസ് ടി യു രൂപം കൊള്ളുന്നതോടുകൂടിയാണ്.
കേരളത്തിൽ ഒരു അധ്യാപകപ്രസ്ഥാനം പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടി കാസർഗോഡു മുതൽ തിരുവനന്തപുരം വരെ കാൽനടയായി സഞ്ചരിച്ചത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്. അക്കാദമിക് രംഗത്തും കാലോചിതമായ ഇടപെടലുകളാണ് പിന്നീട് നടന്നത് ജനകീയമായ ഇടപെടലുകളിലൂടെ അനാദായകരമായ വിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്ന പ്രവർത്തനമായിരുന്നു അത്. ‘മുന്നേറ്റം’ എന്ന പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ നൂറ് കണക്കിന് വിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരവും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത് ആദ്യമായി ഒരു അധ്യാപകപ്രസ്ഥാനം ഏറ്റെടുത്ത മാതൃകാപ്രവർത്തനമായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ഇടതുപക്ഷസർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ‘മുന്നേറ്റം’ മാതൃകയിൽ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം നടപ്പിലാക്കുന്നത്.
കേരളത്തിൽ അധ്യാപക പ്രസ്ഥാനത്തിന് തനതായ അസ്തിത്വം രൂപപ്പെടുത്തുന്നതിനുവേണ്ടി ത്യാഗനിർഭരമായ വഴികൾ താണ്ടിയവർ നിരവധിയാണ്. കാലഘട്ടത്തിന്റെ അനിവാര്യതയാണ് പൂർവ്വ സൂരികളായ നമ്മുടെ അധ്യാപകനേതാക്കൾ നിറവേറ്റിയത്. അന്ന് പോരാട്ടങ്ങളിലൂടെ നിർമ്മിക്കപ്പെട്ട ശക്തമായ അടിത്തറയുണ്ട്. അതിനുമുകളിലാണ് ഇന്ന് അധ്യാപകപ്രസ്ഥാനങ്ങൾ ആർജ്ജവത്തോടെ നിലനില്ക്കുന്നത്. ഒന്നിനും വിധേയപ്പെടാതെ മൂല്യ ബോധത്തിലും പ്രവൃത്തിയുടെ മഹത്വത്തിലും വിശ്വസിച്ചു കൊണ്ട് നടത്തിയ ഒരിക്കലും അവസാനിക്കാത്ത ഇന്നും തുടരുന്ന യാത്രയായിരുന്നു അത്.

Exit mobile version