Site iconSite icon Janayugom Online

ചൂരല്‍മല — മുണ്ടക്കൈ ദുരന്തം; മാതൃകാ ടൗണ്‍ഷിപ്പിന്റെ പ്രവൃത്തി ആരംഭിച്ചു

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ പ്രവൃത്തികള്‍ ആരംഭിച്ചു. കല്‍പറ്റ ബൈപ്പാസിനടുത്ത് നേരത്തെ ഏറ്റെടുത്ത്, മുഖ്യമന്ത്രി തറക്കില്ലിട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ഇന്നലെ രാവിലെയോടെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് സൊസൈറ്റിയിലെ തൊഴിലാളികളെത്തി പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എസ്റ്റേറ്റിലെ തൈകളും അടിക്കാടുകളും വെട്ടിമാറ്റിയ സംഘം സര്‍വ്വേ നടപടികളും പൂര്‍ത്തീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തന്നെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കലക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി, ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി എസ്റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് പ്രവൃത്തികള്‍ തുടങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിനായി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈക്കോടതി രജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടി വെച്ചിരുന്നു. അത് കൂടാതെ കഴിഞ്ഞ ദിവസം ഹൈക്കോടതി 17 കോടി രൂപകൂടി കെട്ടിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ഹൈക്കോടതി നിര്‍ദേശിച്ച തുക കെട്ടിവെക്കുകയും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുകയുമായിരുന്നു.

കല്‍പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വ്വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കലക്ടര്‍ക്ക് പുറമെ ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ജെ ഒ അരുണ്‍, എഡിഎം കെ ദേവകി, തഹസില്‍ദാര്‍മാര്‍, റവന്യു, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ എസ്റ്റേറ്റ് ഭൂമിയില്‍ നേരിട്ടത്തെത്തി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഏക്കറിലാണ് ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി മാതൃകാ ഭവനം ഉയരുക. ഏഴ് സെന്റ് ഭൂമിയും അതില്‍ 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുമാണ് ഓരോ ദുരന്ത ഇരകള്‍ക്കും ലഭിക്കുക. വെറുതെ വീട് നിര്‍മിക്കല്‍ അല്ല ടൗണ്‍ഷിപ്പില്‍ ഉണ്ടാവുക. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന വീടുകളും കെട്ടിടങ്ങളുമാണ് ടൗണ്‍ഷിപ്പില്‍ ഉയരുക. വീടിന് പുറമെ, സമൂഹി ജീവിതത്തിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും അങ്കണവാടി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സ്‌പോര്‍ട്‌സ് ക്ലബ്, അങ്ങാടി ടൗണ്‍ഷിപ്പില്‍ ഉണ്ടാകും.
ടൗണ്‍ഷിപ്പില്‍ ഒതുങ്ങാതെ പുനരധിവാസത്തിനുള്ള തുടര്‍ പരിപാടികളും സര്‍ക്കാറിന്റെ മുന്നിലുണ്ട്.

Exit mobile version