മാനവസംസ്കൃതിയുടെ വിശാല ഭൂമികയിലേക്കുള്ള വാതായനങ്ങൾ മലർക്കെ തുറക്കപ്പെടുന്നത് വിശ്വനാഗരികതയുമായുള്ള ഇഴയടുപ്പത്തിലൂടെയാണ്. ആ ഇഴയടുപ്പം സാധ്യമാക്കാൻ ലോക സഞ്ചാരവും സഞ്ചാര സാഹിത്യവും പ്രാചീനകാലം മുതൽ ആധുനിക നാളുകൾ വരെ മനുഷ്യരാശിക്ക് ഏറെ സഹായകരമായിട്ടുണ്ട്. ചരിത്രത്തിന്റെ മണിമുഴക്കവും വൈവിധ്യമാർന്ന സാംസ്ക്കാരിക പാരമ്പര്യങ്ങളുടെ അനുരണനവും സർഗചേതനയുടെ ഭാസുരകാന്തിയുമാണ് ലോകയാത്രകൾ പ്രദാനം ചെയ്യുന്നത്. യാത്രികരായ എഴുത്തുകാർ വാക്കുകളിലൂടെയും വരികളിലൂടെയും അനുവാചക മനസിൽ കോറിയിടുന്നത്, ലോക സഞ്ചാരവേളയിൽ തങ്ങൾ നേരിട്ട കൺകാഴ്ചകളുടെയും ചികഞ്ഞറിഞ്ഞ ഉണ്മകളുടെയും നിസ്തുല പ്രതിഛായകളാണ്.
കേവലമൊരു യാത്രാവിവരണം എന്നതിലുപരി, സാമ്രാജ്യത്വ ശക്തികൾ അഴിച്ചുവിട്ട യുദ്ധദുരന്തങ്ങൾ തീമഴയായ് പെയ്തിറങ്ങിയിട്ടും ധീരോദാത്തമായ അതിജീവനത്തിന്റെ ജ്വലനവേഗ മാതൃകയായി നിലകൊള്ളുന്ന വിയറ്റ്നാമിന്റെ പൊള്ളുന്ന ചരിത്രസ്മൃതികളിലേക്ക് ഹൃദയം കൊണ്ടുള്ള ഒരു തീർത്ഥയാത്രയാണ്, ‘ചുവപ്പു നദിയുടെ നാട്ടിൽ — വിയറ്റ്നാം സ്കെച്ചുകൾ’ എന്ന തന്റെ ഏറ്റവും പുതിയ സഞ്ചാരകൃതിയിലൂടെ ഹാരിസ് ടി എം നിർവഹിച്ചിരിക്കുന്നത്. അതോടൊപ്പം, റെഡ് റിവർ എന്നറിയപ്പെടുന്ന സോംങ്ങ് ഹോംങ്ങ്
നദിയുടെ വിസ്തൃത തീരങ്ങളിൽ അതീതകാല ആസുരതകളെയും പ്രതികൂലങ്ങളെയും മറികടന്ന് നിസ്തുല പ്രഭയോടെ പരിലസിക്കുന്ന സാംസ്ക്കാരിക പാരമ്പര്യ പൈതൃകങ്ങളുടെ ഗരിമയും ഈ കൃതിയിൽ ഹാരിസ് ടി എം അടയാളപ്പെടുത്തിയിരിക്കുന്നു. കൊളോണിയൽ
അധീശാധികാരത്തിന്നെതിരെ, മഹാനായ ഹോ ചി മിന്റെ ഉജ്വല നേതൃത്വത്തിൽ വിയറ്റ്നാം ജനത സംവത്സരങ്ങളോളം നടത്തിയ വിമോചന വിപ്ലവ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന ചരിത്രശേഷിപ്പുകൾ ആലേഖനം ചെയ്യപ്പെട്ട ഹാനോയിയിലെ സെറാമിക് റോഡും വിസ്മയക്കാഴ്ചയായ സെറാമിക് മൊസെയ്ക്ക് മ്യൂറലും യാത്രികനായ എഴുത്തുകാരനെ എന്നപോലെ വായനക്കാരായ നമ്മെയും ആശ്ചര്യഭരിതരാക്കും!
വിയറ്റ്നാം രാഷ്ട്രപിതാവായ ഹോ ചി മിന്റെ ഭൗതിക ശരീരം എംബാം ചെയ്തു സൂക്ഷിച്ച ഹോ ചിമിൻ മോസോളിയത്തിലെ ബാദി സ്ക്വയറും, ഓൾഡ് ക്വാർട്ടറിലെതടാകമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സോഗ്സൺ ക്ഷേത്രവും, ദോങ്ങ് ഷുവാൻ ചത്വരവും, പ്രാചീന തത്വജ്ഞാനിയായ കൺഫ്യൂഷ്യസിന് സമർപ്പിക്കപ്പെട്ട ടെമ്പിൾ ഓഫ് ലിറ്ററേച്ചറും, മുത്തുച്ചിപ്പികൾ വളർത്തുന്ന പവിഴപ്പാടങ്ങളുള്ള ഹാലോംഗ് ബേയിലെ റുങ്ങ് വിയങ്ങ് മത്സ്യബന്ധന ഗ്രാമവും നമ്മുടെ കാതുകളിൽ ഗതകാലത്തിന്റെയും ഇന്നിന്റെയും ഭാവസാന്ദ്രമായ കഥകളോതും! അമേരിക്കൻ പടയുടെ നിഷ്ഠൂരതകള വീറോടെ നേരിട്ടുകൊണ്ട് വിയറ്റ്നാം വിമോചന ഗറില്ലാ പോരിളികൾ പണ്ട് നിലയുറപ്പിച്ച സെയ്ഗൺ നഗരപ്രാന്തത്തിലുള്ള ഗൂചിയിലെ നിഗൂഢ ഭൂഗർഭത്തുരങ്കവും, യുദ്ധത്തിനിടയിൽ അമേരിക്കൻ സൈനികർ വിയറ്റ്നാം ജനതക്കുമേൽ നടത്തിയ രക്തം മരവിപ്പിക്കുന്ന പൈശാചിക പീഡനങ്ങൾ ലോകസമക്ഷം ദൃശ്യവൽക്കരിക്കുന്ന വാർ മ്യൂസിയവും ഹാരിസ് വായനക്കാർക്ക്
മുന്നിൽ വികാരനിർഭരതയോടെ വരച്ചു കാട്ടുന്നു. അതെ, യാത്രകൾ ഭൂത‑ഭാവി-വർത്തമാന കാലങ്ങളെ സമഞ്ജസമായി സമന്വയിപ്പിക്കുന്നു. വസ്തുനിഷ്ഠമായ അറിവ് പകർന്ന് ആത്മാവിൽ വികാര- വിചാരങ്ങളുടെ ആന്ദോളനം സൃഷ്ടിക്കുന്ന യാത്രാനുഭവങ്ങളുടെ ഒരു പുസ്തകമാണ് ‘ചുവപ്പുനദിയുടെനാട്ടിൽ — വിയറ്റ്നാം സ്കെച്ചുകൾ’ എന്നു നിസംശയം പറയാം.
ചുവപ്പു നദിയുടെ നാട്ടില്‍
വിയറ്റ്നാം സ്കെച്ചുകള്‍
(യാത്രാവിവരണം)
ഹാരിസ് ടി എം
ജി വി ബുക്സ്
വില: 145 രൂപ