2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്കും (സി.ഐ.എ) ഇസ്രായേലിന്റെ മൊസാദിനും പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കുമാർ കേത്കർ. കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മുൻ രാജ്യസഭ എം.പിയായ കേത്കറുടെ ആരോപണം. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 145 സീറ്റുകൾ നേടിയിരുന്നു. 2009ൽ അത് 206 ആയി ഉയർന്നു. ഈ പ്രവണത കാണിക്കുന്നത് 2014ൽ കോൺഗ്രസിന് 250 സീറ്റുകൾ നേടി അധികാരം നിലനിർത്താൻ സാധിക്കുമായിരുന്നു എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 145 സീറ്റുകളും അഞ്ച് വർഷത്തിന് ശേഷമുള്ള പൊതുതെരഞ്ഞെടുപ്പിൽ 206 സീറ്റുകളും നേടി. ഈ പ്രവണത തുടർന്നിരുന്നെങ്കിൽ കോൺഗ്രസിന് 250 സീറ്റുകൾ നേടി അധികാരം നിലനിർത്താമായിരുന്നു. എന്നാൽ 2014 ൽ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞു”- അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ തറപറ്റിക്കാൻ 2014ലെ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കളികൾ തുടങ്ങിയിരുന്നുവെന്നും കേത്കർ അവകാശപ്പെട്ടു. കോൺഗ്രസിന്റെ സീറ്റുകൾ 2009ൽ കിട്ടിയതിനേക്കാൾ താഴേക്കു പോകാൻ ചില സംഘടനകൾ ഇടപ്പെട്ടു. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു ഈ സംഘടനകളുടെ വിശ്വാസം.ഇന്ത്യയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സി.ഐ.എയും മൊസാദും തീരുമാനിച്ചു. ഈ ഏജൻസികളെല്ലാം ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളെയും മണ്ഡലങ്ങളെയും കുറിച്ചുള്ള വിപുലമായ വിവരങ്ങളും സമാഹരിച്ചു. കേന്ദ്രത്തിൽ ഒരു ഭൂരിപക്ഷ സർക്കാർ രൂപവത്കരിക്കാനാണ് അവർ ആഗ്രഹിച്ചത്. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ അവരുടെ നയങ്ങൾ നടപ്പാക്കാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് തനിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്ന് കേത്കർ തുറന്നുസമ്മതിച്ചു.

