Site iconSite icon Janayugom Online

സിയാലിന് മൂന്നാം വർഷവും നേട്ടം; പറന്നുയർന്നത് ഒരുകോടി യാത്രക്കാർ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ തുടർച്ചയായി മൂന്നാം വർഷവും ഒരു കോടി യാത്രക്കാർ പറന്നു. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാൽ. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്. 2024–ലെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് ഏകദേശം 4.85% വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഏകദേശം 5.33 ലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2025–ൽ ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായ മാസം മേയ് ആയിരുന്നു. ഏകദേശം 11.07 ലക്ഷം യാത്രക്കാരാണ് മേയ് മാസത്തിൽ സിയാൽ വഴി യാത്ര ചെയ്തത്. ആദ്യമാസമായ ജനുവരിയിൽ 10. 44 ലക്ഷം യാത്രക്കാരും അവസാന മാസമായ ഡിസംബറിൽ 10. 06 ലക്ഷം യാത്രക്കാരെയുമാണ് സിയാൽ കൈകാര്യം ചെയ്തത്.
വർഷമെമ്പാടും സുസ്ഥിര പാസഞ്ചർ ട്രാഫിക് നിലനിർത്താൻ കൊച്ചി വിമാനത്താവളം സുസജ്ജമാണെന്നതിന്റെ തെളിവാണ് ഇത്. ഈ വർഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരിൽ 55.17 ലക്ഷം രാജ്യാന്തര യാത്രക്കാരും 60. 02 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 74,689 വിമാനങ്ങൾ ഇക്കാലയളവിൽ സർവീസ് നടത്തി. 2024‑ൽ ഇത് 75,074 വിമാന സർവീസുകൾ ആയിരുന്നു. ചില എയർലൈനുകളുടെ സർവീസ് നടത്തിപ്പിലുണ്ടായ പ്രശ്നങ്ങളാണ് ഈ കുറവിനുണ്ടായ കാരണം. 

“കഴിഞ്ഞ മേയ് മാസം ഉദ്ഘാടനം ചെയ്ത സിയാൽ 2.0 എന്ന പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമാണ്. ഡിജിയാത്ര സൗകര്യം, ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കി. മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്മെന്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിൽ സമീപ ഭാവിയിൽ തന്നെ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കാനും സിയാൽ പദ്ധതിയിടുന്നു. ഇതിലൂടെ ബോഡി-ഫ്രിസ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇല്ലാതാക്കി, യാത്ര വേഗത്തിലാക്കാൻ സഹായിക്കും”, സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. ഡിജിറ്റലൈസേഷൻ, ആധുനിക സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ പുതിയ സംരംഭങ്ങൾ വഴി, ഓരോരുത്തരുടേയും യാത്ര സുഗമവും സുരക്ഷിതവും ആഗോള നിലവാരത്തിലുമാക്കുക എന്നതുമാണ് സിയാലിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version