സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്ന്. ഇറ്റലിയുടെ ജാസ്മിന്‍ പവോലിനിയും പോളണ്ടിന്റെ ഇഗ സ്വിയാടെക്കും കലാശപ്പോരില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് പവോലിനി തോല്പിച്ചത്. ആദ്യ സെറ്റ് 6–3ന് നേടിയപ്പോള്‍ രണ്ടാം സെറ്റ് 6–7ന് പവോലിനിക്ക് നഷ്ടമായി. എന്നാല്‍ മൂന്നാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയ ഇറ്റാലിയന്‍ താരം 6–3ന് മൂന്നാം സെറ്റ് സ്വന്തമാക്കി ഫൈനല്‍ ടിക്കറ്റ് നേടി. നേരത്തെ നടന്ന ആദ്യ സെമിയില്‍ കസാക്കിസ്ഥാന്റെ എലീന റൈബാക്കിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഇഗ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. സ്കോര്‍ 7–5, 6–3. ഇഗയുടെ ആദ്യ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലാണിത്.
സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനല്‍; പവോലിനിയും ഇഗയും ഏറ്റുമുട്ടും

