മഹാരാഷ്ട്രയിലെ പൂനെയില്‍ സിനിമാ സ്റ്റൈല്‍ കവര്‍ച്ച. ദേശീയ പാതയില്‍ നടന്ന ചേസിങ്ങും വെടിവയ്പും കോടിക്കണക്കിന് രൂപയുടെ മോഷണത്തിലാണ് അവസാനിച്ചത്. പൂനെ-സോലാപുര്‍ ദേശീയ പാതയിലെ ഇന്ദപുരില്‍ വെളളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്ന് നാല് വാഹനങ്ങളിലായാണ് മോഷ്ടാക്കള്‍ എത്തിയത്. കിലോമീറ്ററുകളോളം കാറിനെ ചേസ് ചെയ്തെത്തിയ മോഷ്ടാക്കള്‍ വാഹനത്തിനു നേരെ വെടിവയ്ക്കുകയും കാറിലുണ്ടായിരുന്ന 3.60 കോടി രൂപ അപഹരിക്കുകയും ചെയ്തു.
ഭാവേഷ് കുമാര്‍ പട്ടേല്‍, വിജയ്ഭായ് എന്നിവരുടെ കൈവശമുണ്ടായിരുന്ന പണമാണ് അപഹരിക്കപ്പെട്ടത്. ഇത്രയും വലിയ തുക ഇവര്‍ക്ക് എവിടെ നിന്നാണ് കിട്ടയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാടും സംശയിക്കുന്നുണ്ട്.
ഹമ്പില്‍ വേഗതക്കുറച്ചപ്പോള്‍ കാര്‍ നിര്‍ത്തുവാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. നാല് അജ്ഞാതര്‍ ഇരുമ്പ് ദണ്ഡുകളും മറ്റ് ആയുധങ്ങളുമായി കാറിനടുത്തേക്ക് വന്നെങ്കിലും വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നുവെന്ന് ഭാവേഷും വിജയും പറയുന്നു. എന്നാല്‍ പിന്നീട് രണ്ട് കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി മോഷ്ടാക്കള്‍ ഇവരെ പിന്തുടരുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ വന്നവര്‍ തുടര്‍ച്ചയായി വെടിവച്ചതോടെ കാര്‍ നിര്‍ത്തി. ഇതോടെ മോഷ്ടാക്കള്‍ ഇരകളെ മര്‍ദ്ദിച്ച് അവശരാക്കുകയും കാറിലെ പണവുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
English Summary: Cinema style robbery in Pune: Rs 3.6 crore looted
You may like this video also