Site icon Janayugom Online

പൊതുപ്രവര്‍ത്തകരുടെ അഴിമതി, സാഹചര്യ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കാം: സുപ്രീംകോടതി

അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ നേരിട്ട് തെളിവ് വേണമെന്നില്ലെന്ന് സുപ്രീം കോടതി.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊതു പ്രവര്‍ത്തകനെ അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷിക്കാമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. 

കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തതിന് നേരിട്ട് തെളിവില്ലെങ്കിലും പൊതു പ്രവര്‍ത്തകനെ അഴിമതി നിരോധന നിയമപ്രകാരം ശിക്ഷിക്കാം. കൈക്കൂലി ആവശ്യപ്പെട്ടെന്നോ സ്വീകരിച്ചെന്നോ സാഹചര്യത്തെളിവുകളിലൂടെ തെളിയിക്കപ്പെട്ടാല്‍ പ്രതിയെ ശിക്ഷിക്കാം. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുള്ള ഉത്തരവാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നവംബര്‍ 23ന് വാദം പൂര്‍ത്തിയാക്കിയ ബെഞ്ച് കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. 

അഴിമതി സംബന്ധിച്ച പരാതിക്കാരന്‍ ജീവിച്ചിരിപ്പില്ലെങ്കിലും പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ശിക്ഷ നല്‍കാമെന്ന് സുപ്രീം കോടതി ഉത്തരവിലുണ്ട്. അടിസ്ഥാനപരമായ വസ്തുതകളെ സാഹചര്യ തെളിവുകളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തി കോടതികള്‍ക്ക് ഇത്തരം അഴിമതി കേസുകള്‍ കൈകാര്യം ചെയ്യാമെന്ന് വിധിയില്‍ പറയുന്നു.
2019 ലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ബന്ധപ്പെട്ട കേസ് ഉന്നത ബെഞ്ചിലേക്ക് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും നിയമപരമായ സങ്കീര്‍ണത പരിഗണിച്ച് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. നീരജ് ദത്ത എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Eng­lish Summary:Circumstantial evi­dence is suf­fi­cient to con­vict the cor­rupt; Supreme Court
You may also like this video

Exit mobile version